കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യൂബർ ടാക്സിയിൽ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. എറണാകുളം ഏലൂർ സ്വദേശി പള്ളിക്കര വീട്ടിൽ യൂസഫിനെ (52) ആണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്.
ധാരാളം പെൺകുട്ടികളും സ്ത്രീകളും രാത്രിയിലും മറ്റ് സമയങ്ങളിലും സഞ്ചരിക്കുന്നതിനായി യൂബർ ടാക്സിയെ ആശ്രയിക്കുന്നവരാണ്. നിരവധി സുരക്ഷാ സജ്ജീകരണങ്ങൾ യൂബർ പോലുള്ള കമ്പനികൾ നൽകുന്നുണ്ടെങ്കിലും ഈ കേസിലെ പ്രതിയുടെ കുറ്റകൃത്യം അതിനെല്ലാം ഒരു അപവാദമായി മാറിയെന്നും കോടതി നിരീക്ഷിച്ചു. ഒരുതരത്തിലുമുള്ള ദയയും പ്രതി അർഹിക്കാത്തത് കൊണ്ടാണ് പരമാവധി ശിക്ഷ നൽകുന്നത് എന്നും കോടതി വിധി ന്യായത്തിൽ വ്യക്തമാക്കി. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് മുതിരുന്നവർക്ക് ഈ കേസ്സിലെ പ്രതിക്ക് നൽകിയ ശിക്ഷ ഒരു പാഠം ആവണമെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക പെൺകുട്ടിക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ യൂബർ ടാക്സിയിൽ കയറിയ പെൺകുട്ടിക്ക് നേരെയാണ് പ്രതി ലൈംഗിക അതിക്രമം നടത്തിയത്. പെൺകുട്ടിയുടെ മൊഴിയിൽ കേസെടുത്ത തൃക്കാക്കര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2019 ജൂലൈ മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തൃക്കാക്കര എസ്ഐ ആയിരുന്ന പി.പി.ജസ്റ്റിൻ ആണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ.ബിന്ദു, അഡ്വ. സരുൺ മാങ്കറ എന്നിവർ ഹാജരായി.