മാലിന്യങ്ങളിൽ നിന്ന് ഉപയോഗപ്രദമായ ഉൽപന്നങ്ങൾ നിർമിച്ച് മലയാളി യുവതി വിസ്മയം സൃഷ്ടിക്കുന്നു. ദുബൈയിൽ സ്ഥിരതാമസമാക്കിയ അമീന അജ്മൽ ആണ് പ്രകൃതിക്കായി അത്ഭുതം തീർക്കുന്നത്. ഡിഐവൈ (Do it Yourself) ക്രിയേറ്ററായ അമീന സാമൂഹ്യ മാധ്യമ പ്ലാറ്റ് ഫോമായ ‘ജോഷി’ലെ (Amy’s Creations) താരമാണിന്ന്. മാലിന്യങ്ങളിൽ നിന്ന് എങ്ങനെ കലാസൃഷ്ടികൾ രൂപം കൊള്ളുമെന്ന് ഒരു തലമുറയെ പ്രചോദിപ്പിക്കുകയാണ് ഇവരിപ്പോൾ.
കുട്ടിക്കാലം മുതലേ ക്രിയാത്മകമായ എന്തെങ്കിലും ചെയ്യാൻ അമീനയ്ക്ക് ഇഷ്ടമായിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും കഴിവുകൾ പ്രകടിപ്പിക്കാൻ അമീനയെ പ്രചോദിപ്പിച്ചു കൊണ്ടേയിരുന്നു. ജോലിയിൽ കയറണമെന്നായിരുന്നു ആദ്യമൊക്കെ ആഗ്രഹമെങ്കിലും കുടുംബപ്രശ്നങ്ങൾ കാരണം അതിന് കഴിഞ്ഞില്ല. എന്നാലും, തന്റെ വേറിട്ട കഴിവ് പ്രകടിപ്പിച്ച ഒരു വീഡിയോ ഒരു ദശലക്ഷം ആളുകൾ കണ്ടതോടെ കൂടുതൽ അത്തരം കാര്യങ്ങൾ ചെയ്യാൻ പ്രോത്സാഹനമായി മാറി.
വലിച്ചെറിയപ്പെടുന്ന വസ്തുക്കളിൽ നിന്ന് ബോട്ടിൽ ആർട്ട്, ഡിസ്പോസിബിൾ ഗ്ലാസ് ക്രാഫ്റ്റ്, ബുക്ക് പേപ്പർ ക്രാഫ്റ്റ് തുടങ്ങിയവ അമീന ചെയ്യുന്നു. പ്ലാസ്റ്റിക് കുപ്പികൾ, ഗ്ലാസ് കുപ്പികൾ, പച്ചക്കറി വിത്തുകൾ, പച്ചക്കറി തൊലികൾ, പത്രം, പ്ലാസ്റ്റിക് ഗ്ലാസുകൾ, ഉണങ്ങിയ ചെടിയുടെ ഇലകൾ, ഉണങ്ങിയ തണ്ടുകൾ തുടങ്ങിയവയാണ് മിക്കപ്പോഴും അമീന കരകൗശല വസ്തുക്കൾ നിർമിക്കുന്നതിനായി ഉപയോഗിക്കുന്നത്. DIY മേഖലയിൽ ഇടപെടാനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനും അമീന ആഗ്രഹിക്കുന്നു. ‘ജോഷ് പ്രേക്ഷകരിൽ നിന്ന് എനിക്ക് ലഭിച്ച പ്രതികരണത്തിൽ ഞാൻ മതിമറന്നു, അത് എന്നെ കൂടുതൽ ചെയ്യാൻ പ്രേരിപ്പിച്ചു’ അമീന പറയുന്നു.
പ്രകൃതി സംരക്ഷണത്തിനായുള്ള അമീന അജ്മലിന്റെ പ്രവർത്തനങ്ങൾക്ക് പല രംഗങ്ങളിൽ നിന്ന് നിറഞ്ഞ കയ്യടി ലഭിക്കുന്നു.