പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് പരാതിയിൽ മൂന്നു പള്ളിയോടങ്ങൾക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ. എ ബാച്ച് മത്സരത്തിൽ ഇക്കൊല്ലം മന്നം ട്രോഫി നേടിയ വള്ളത്തെ അടക്കം വിലക്കാനാണ് പള്ളിയോട സേവാസംഘം എക്സിക്യൂട്ടീവ് യോഗത്തിലെ തീരുമാനം.
മല്ലപ്പുഴശ്ശേരി, കുറിയന്നൂർ, പുന്നംതോട്ടം വള്ളങ്ങളിൽ കരയ്ക്ക് പുറത്തുനിന്നുള്ള ആളുകളെ എത്തിച്ചു തുഴയിച്ചെന്നാണ് കണ്ടെത്തൽ. മൂന്ന് പള്ളിയോട കരകളിലെ പ്രതിനിധികളെയും വിലക്കാൻ നിർദ്ദേശമുണ്ട്. എക്സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനം ഞായറാഴ്ച നടക്കുന്ന പൊതുയോഗത്തിൽ അവതരിപ്പിക്കും. അച്ചടക്ക നടപടി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് പള്ളിയോട സേവാ സംഘത്തിന്റെ പൊതുയോഗത്തിലാണ്.