KeralaNEWS

സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി നിയമവിരുദ്ധം: മുഖ്യമന്ത്രി

തിരുവനന്തപുരം: ​ഗവർണറെ ആക്ഷേപിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെ പരിഹസിച്ച് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാവിരുദ്ധമായ കാര്യങ്ങൾ ചെയ്താൽ സാധുവാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​

മുഖ്യമന്ത്രിയുടെ വാക്കുകൾ

Signature-ad

‘ആരും ആരെയും വിമർശിക്കാൻ പാടില്ല എന്ന നില സ്വീകരിക്കുന്നത് നമ്മുടെ സമൂഹത്തിന് ചേർന്ന രീതിയല്ല. വിമര്‍ശനത്തിനും സ്വയംവിമര്‍ശനത്തിനും അഭിപ്രായപ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം നല്‍കുന്നതാണ് നമ്മുടെ ഭരണഘടന. നമ്മുടെ രാജ്യം ഫെഡറല്‍ തത്വങ്ങള്‍ പിന്തുടരുന്ന രാജ്യമാണ്. പാര്‍ലമെന്‍ററി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യമാണ്. ഫെഡറല്‍ സംവിധാനത്തില്‍ ഗവര്‍ണര്‍ പദവിയുടെ കര്‍ത്തവ്യവും കടമയും എന്തെല്ലാമാണ് എന്നും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ സ്ഥാനവും കര്‍ത്തവ്യവും കടമകളും എന്തൊക്കെയെന്നും  ഭരണഘടന കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. കോടതിവിധികളിലൂടെ അതിന് കൂടുതല്‍ വ്യക്തത വന്നിട്ടുമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശവും  സഹായവും സ്വീകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ്  ഗവര്‍ണറുടെ പൊതുവായ ഉത്തരവാദിത്തം.’-മുഖ്യമന്ത്രി പറഞ്ഞു.

ഡോ. അംബേദ്കര്‍ തന്നെ പറഞ്ഞത്, ഗവര്‍ണ്ണറുടെ വിവേചന അധികാരങ്ങള്‍ ‘വളരെ ഇടുങ്ങിയതാണ്’ എന്നാണ്. ദല്‍ഹി സര്‍ക്കാരും ലഫ്. ഗവര്‍ണറും തമ്മിലുള്ള കേസില്‍ ‘മന്ത്രിസഭയുടെ ഉപദേശം പ്രകാരമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്’ എന്നത് സുപ്രിംകോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയ കക്ഷിയുടെയോ മുന്നണിയുടെയോ നേതാവിനെയാണ് മുഖ്യമന്ത്രിയായി നിശ്ചയിക്കുന്നത്. അങ്ങനെ നിയമിക്കപ്പെടുന്ന മുഖ്യമന്ത്രിയാണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. മന്ത്രിമാര്‍ രാജി നല്‍കേണ്ടത് മുഖ്യമന്ത്രിക്കാണ്. അത് ഗവര്‍ണര്‍ക്ക് കൈമാറേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവര്‍ണര്‍ തീരുമാനമെടുക്കുന്നത്. ഇതൊക്കെ ഭരണഘടനയുടെ കൃത്യമായ വ്യവസ്ഥകളും രാജ്യത്ത് സംശയരഹിതമായി പാലിക്കപ്പെടുന്ന രീതികളുമാണ്. ഇതൊന്നുമല്ല നമ്മുടെ ഭരണഘടന എന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ എന്നും അങ്ങനെ പറഞ്ഞാല്‍ അത് ഭരണഘടനാവിരുദ്ധം ആവില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

നമ്മുടെ നാട്ടിലെ ഭരണഘടനയും നിയമവ്യവസ്ഥയും അനുശാസിക്കുന്നകാര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിക്കുകയും ആവഴിക്ക് നീങ്ങുകയും ചെയ്യുമ്പോള്‍ അത് സാധുവായ കാര്യം എന്ന് പറയാനാവില്ല. സാധു ആവുകയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിന് മുന്നിൽ ​നമ്മളാരും അപഹാസ്യമാകരുത്. കേരള സർവകലാശാല, ചാൻസിലർ എന്ന നിലയിൽ ആരോഗ്യകരമായ നടപടികളാണ് ഉണ്ടാകേണ്ടിയിരുന്നത്. സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് അടക്കമുള്ള ​ഗവർണറുടെ നടപടികൾ നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: