വീട്ടിലേക്കുള്ള യാത്രക്കിടെ ചലച്ചിത്ര താരത്തിനോട് അപമര്യാദയായി പെരുമാറിയ 24കാരനായ ഊബര്‍ ഡ്രൈവര്‍ക്കായി തിരച്ചില്‍. ചലച്ചിത്ര താരവും സംവിധായകയുമായ മാനവ നായികിനോടാണ് അപമര്യാദയായി പെരുമാറിയതിനാണ് പോലീസ് നടപടി. മുംബൈ പോലീസാണ് സെന്‍ട്രല്‍ മുംബൈയിലെ ആന്റോപ് ഹില്‍ നിവാസിയായ പ്രതിക്കെതിരെ കേസ് എടുത്തത്. മുംബൈയിലെ ബികെസിയില്‍ നിന്നാണ് രാത്രി 8.15 ഓടെ താരം ഊബര്‍ വിളിച്ചത്. കാറില്‍ കയറിയ സമയം മുതല്‍ ഇയാള്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു.
തുടര്‍ന്ന് ഡ്രൈറുടെ ഈ പ്രവൃത്തിയെ അവര്‍ എതിര്‍ത്തു. ഇതിനിടെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ട്രാഫിക് പോലീസ് കാര്‍ നിര്‍ത്തിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. പിന്നാലെ ഡ്രൈവറും ട്രാഫിക് പോലീസും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനിടെ താരം തങ്ങളെ പോകാന്‍ അനുവദിക്കണം എന്ന് ട്രാഫിക് പോലീസിനോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഡ്രൈവര്‍ താരത്തോട് 500 രൂപ പിഴ കൊടുക്കാന്‍ ആവശ്യപ്പെട്ടു.
വാഹനത്തില്‍ കയറിയ താരം ഡ്രൈവറോട് വാഹനം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോകാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ഡ്രൈവര്‍ വാഹനം വേഗതയില്‍ ഓടിക്കുകയും, വെളിച്ചം ഇല്ലാത്ത പ്രദേശത്ത് നിര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് മാനവ, സേഫ്റ്റി ഹെല്‍പ്പ് ലൈനില്‍ വിളിച്ച് പരാതിപ്പെട്ടു. ഇതിനിടെ അയാള്‍ വീണ്ടും കാര്‍ വേഗത്തില്‍ എടുത്തു. താരം പേടിച്ച് സഹായത്തിനായി നിലവിളിക്കുകയായിരുന്നു. ഇത് കേട്ട് എത്തിയ രണ്ട് ബൈക്ക് യാത്രക്കാരും ഓട്ടോറിക്ഷാ ഡ്രൈവറും ചേര്‍ന്ന് വാഹനം തടഞ്ഞു നിര്‍ത്തി താരത്തെ രക്ഷപ്പെടുത്തുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് താരം തനിക്കുണ്ടായ ഈ ദുരനുഭവം വെളിപ്പെടുത്തിയത്. സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.