ലഖ്നൗ: ഇതര മതസ്ഥരെയും സന്യാസിമാരെയും സ്ത്രീകളെയും കുറിച്ച് വിവാദ പ്രസ്താവനയുമായി എ.ഐ.എം.ഐ.എം യു.പി അധ്യക്ഷന്‍ ഷൗക്കത്ത് അലി.
പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിന് ഷൗക്കത്ത് അലി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച രാത്രി സംഭാലിലെ ചൗധരി സറായിയില്‍ നടന്ന പരിപാടിയിലാണ് ഷൗക്കത്ത് അലിയുടെ വിവാദ പ്രസ്താവന. ”ഞങ്ങള്‍ മൂന്ന് വിവാഹം കഴിക്കുമെന്ന് ആളുകള്‍ പറയാറുണ്ട്. നമ്മള് മൂന്ന് വിവാഹം ചെയ്താലും സമൂഹത്തില്‍ മൂന്ന് ഭാര്യമാര്‍ക്കും ബഹുമാനം നല്കുന്നു. എന്നാല്‍ നിങ്ങള്‍ വിവാഹിതരായ ശേഷം മറ്റ് മൂന്ന് സ്ത്രീകളുമായി ബന്ധം പുലര്‍ത്തും. നിങ്ങള്‍ ഭാര്യയെയോ മറ്റ് സ്ത്രീകളെയോ ബഹുമാനിക്കുന്നില്ല. ഞങ്ങളുടെ എല്ലാ കുട്ടികളുടെയും പേരുകള്‍ റേഷന്‍ കാര്‍ഡില്‍ ചേര്‍ക്കുന്നു” മറ്റ് മതങ്ങളെ പരിഹസിച്ചുകൊണ്ട് ഷൗക്കത്ത് അലി പറഞ്ഞു.
മസ്ജിദുകള്‍, മദ്രസകള്‍, മുസ്ലീങ്ങള്‍ എന്നിവയെയാണ് ബി.ജെ.പി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഗ്യാന്‍വാപി പള്ളിയിലെ ജലധാരയെ ശിവലിംഗമായി കണക്കാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സര്‍വേ നടത്തി മദ്രസകളെ ലക്ഷ്യം വച്ചാണ് ബി.ജെ.പി മസ്ജിദുകള്‍ക്കെതിരെ തര്‍ക്കം ഉന്നയിക്കുന്നത്. ആരുടെയും ഇഷ്ടപ്രകാരമല്ല, ഭരണഘടനയനുസരിച്ചായിരിക്കും ഈ രാജ്യം നയിക്കേണ്ടത്. രാജ്യത്ത് ആര് എന്ത് ധരിക്കണമെന്ന് ഭരണഘടന തീരുമാനിക്കുക, ഹിന്ദുത്വമല്ല. എന്നാല്‍, ഇത്തരം വിഷയങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ തകര്‍ക്കാനാണ് ഭാരതീയ ജനതാ പാര്‍ട്ടി ശ്രമിക്കുന്നതെന്നും അലി ആരോപിച്ചു. ഹൈദരാബാദ് എം.പി. അസദുദ്ദീന്‍ ഒവൈസി നേതൃത്വം നല്കുന്ന പാര്‍ട്ടിയാണ് ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം).