തിരുവനന്തപുരം :നാസി ഭരണകൂടത്തിന് ആയുധങ്ങളും പണവും നല്കി സഹായിച്ച ഫ്രെഡറിക് ഫ്ലിക്കിന്റെ കൊച്ചുമകനും ശതകോടീശ്വരനുമായ വിവാദ ജര്‍മ്മന്‍-സ്വിസ് വ്യവസായി ഫ്രെഡറിക് ക്രിസ്ത്യന്‍ ഫ്ലിക്ക് ( 78 ) ആയുര്‍വേദ ചികിത്സയ്ക്ക് കേരളത്തിലേക്ക്.
ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ഇന്നലെ അദ്ദേഹം കേരളത്തില്‍ എത്തി.കോടീശ്വരന്മാരുടെ എയര്‍ ടാക്സിയായ വിസ്ത ജെറ്റിലാണ് അദ്ദേഹം എത്തിയത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ 7.30ന് പറന്നിറങ്ങിയ വിസ്ത ജെറ്റിന്റെ വി.ജെ.ടി 199 ബൊംബാര്‍ഡിയര്‍ ഗ്ലോബല്‍ 6000 വിമാനത്തിലാണ് ഭാര്യയോടൊപ്പം അദ്ദേഹം എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് കൊല്ലം പരവൂരുള്ള ആയുര്‍വേദ ചികിത്സാ കേന്ദ്രമായ രസായന കളരിയിലേക്കാണ് ഫ്ലിക്ക് പോയത്.
വ്യാഴാഴ്ച രാത്രി ജനീവയില്‍ നിന്നാണ് വിസ്ത ജെറ്റ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. ഇങ്ങനെയൊരു വ്യവസായി വരുന്നതായി പൊലീസിന് വിവരമൊന്നും ഇല്ലായിരുന്നു. എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് ഫ്രെഡറിക് ക്രിസ്ത്യന്‍ ഫ്ലിക്കാണെന്ന് തിരിച്ചറിഞ്ഞത്.
ജര്‍മ്മനിയിലെ പരമ്ബരാഗത വ്യവസായ കുടുംബത്തിന്റെ അവകാശികളില്‍ ഒരാളായ ഫ്ലിക്ക് അമൂല്യമായ കലാവസ്തുക്കളുടെ സമ്ബാദകനും കലാസ്വാദകനുമാണ്. 2004ല്‍ 30 കോടി ഡോളര്‍ (2500കോടി രൂപ) വിലമതിക്കുന്ന കലാസൃഷ്ടികള്‍ ബെര്‍ലിനിലെ പ്രശസ്തമായ ഹാംബര്‍ഗര്‍ ബനോഫ് മ്യൂസിയത്തിന് ഫ്ലിക്ക് വായ്പയായി നല്‍കിയത് വിവാദമായിരുന്നു.