അരീക്കോട് കുനിയിൽ കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു (52) സഹോദരന് ആസാദ് (40) എന്നിവരെ വെട്ടികൊന്ന കേസിൽ ജഡ്ജി മാറ്റം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ഭാര്യമാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ആദ്യം കേസ് കേട്ട ജഡ്ജി തന്നെ തുടരണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാൽ പുതിയ ജഡ്ജിയുടെ നിലപാട് സുപ്രിംകോടതിയിൽ നിര്‍ണായകമായി.
2019 സെപ്റ്റംബർ 19നാണ് കുനിയിൽ ഇരട്ടക്കൊലപാതക കേസിന്റെ വിസ്താരം ആരംഭിച്ചത്. 356 സാക്ഷികളുള്ള കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെ പ്രതികളെയും വിസ്തരിച്ചത് ജഡ്ജിയായിരുന്ന എ.വി മൃദുല മുമ്പാകെയായിരുന്നു. 2021 നവംബറോടെ വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ നവംബറിൽ ജഡ്ജി എ.വി മൃദുല തലശ്ശേരി ജില്ലാ ജഡ്ജിയായി സ്ഥലം മാറിയതോടെ, കേസ് പിന്നീട് ചുമതലയേറ്റ ടി.എച്ച് രജിതയുടെ പരിഗണനയിലായി.
ഈ മാറ്റം കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും നേരത്തെ കേസ് പരിഗണിച്ച ജഡ്ജി തന്നെ തുടർന്നും വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടാണ് കൊല്ലപ്പെട്ടവരുടെ ഭാര്യമാർ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ നിലവിൽ കേസ് കേൾക്കുന്ന ജഡ്ജി ടി.എച്ച് രജിത ഒരു മാസത്തിനുള്ളിൽ വിചാരണ നടപടികൾ പൂർത്തിയാക്കി വിധി പറയുമെന്ന് സുപ്രീം കോടതിയെ അറിയിച്ചു.
ഈ മാസം ഇരുപത്തിയേഴിന് വിചാരണ പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ വിധി പറയുമെന്നാണ് ജഡ്ജി സുപ്രീം കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തിൽ ഹർജിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൌൾ, അഭയ് എസ് ഓകാ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഹർജിക്കാർക്കായി അഭിഭാഷകൻ ദീപക് പ്രകാശ്, വിഷ്ണു പ്രിയ, ശ്യാം നായർ എന്നിവർ ഹാജരായി, സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ്, അഭിഭാഷകരായ ആഷ് ലി ഹർഷാദ്, ദീലിപ് പൂലക്കോട്ട് എന്നിവർ ഹാജരായി.
2012 ജൂണ്‍ 11 ന് കുനിയില്‍ അങ്ങാടിയില്‍ വെച്ച് മുന്‍ വൈരാഗ്യം വെച്ചാണ് സഹോദരങ്ങളെ വെട്ടികൊലപ്പെടുത്തിയത്.