ആ ചെറുപ്പക്കാർക്ക് പരസ്പരം പരിചയമുണ്ടായിരുന്നില്ല. വൈക്കം സ്വദേശി അജിത്തും കണ്ണൂർ സ്വദേശി അമലും വ്യത്യസ്തമായ രണ്ടപകടങ്ങളിൽ ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടു. ജീവിതം ആരംഭിക്കുന്നതിനു മുമ്പേ വിധി അവരെ വിളിച്ചു കൊണ്ടു പോയി. ഇന്നലെ രാത്രി ഏഴരയ്ക്ക് തൃപ്പൂണിത്തുറക്കടുത്ത് മുളന്തുരുത്തി റെയില്‍വേ ട്രാക്കിൽ നിന്നു സുഹൃത്തിനെ കൊണ്ട് ഫോണിൽ ചിത്രം എടുക്കുന്നതിനിടെയാണ് ട്രെയിൻ ഇടിച്ച് അജിത്ത് (26) മരണപ്പെട്ടത്. മിനിയാന്ന് അർദ്ധ രാത്രിയാണ് ബൈക്ക് മരത്തിലിടിച്ച് റോഡിൽ തെറിച്ചു വീണ് ടാങ്കര്‍ ലോറി ദേഹത്തു കൂടി കയറിയിറങ്ങി അമൽ(25) തല്‍ക്ഷണം മരിച്ചത്.
മുളന്തുരുത്തി ചെങ്ങോലപ്പാടം
റെയില്‍വേ ഗേറ്റിനു സമീപത്ത് ഇന്നലെ രാത്രി ഏഴര മണിയോടെയാണ് അജിത്ത് അപകടത്തിൽ പെട്ടത്.
വൈക്കം തെക്കേനട കണ്ണാട്ട് കൃഷ്ണൻ- സുലോചന ദമ്പതികളുടെ മകനാണ് അജിത്ത്. ട്രെയിന്‍ വരുന്ന സമയം സുഹൃത്തിൻ്റെ സഹായത്തോടെ ഫോട്ടോയെടുക്കാനായി പോസ് ചെയ്തപ്പോഴാണ് അജിത്തിനെ
ട്രെയിന്‍ തട്ടിയത്.
ട്രാക്കിൽ നിൽക്കുന്ന ചിത്രത്തിനു പിന്നിൽ ട്രെയിന്‍ വരുന്നതു കൂടി ഉൾപ്പെടുത്തി ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം. അജിത്ത് ട്രാക്കിൽ നിന്ന് മാറുന്നതിന് മുമ്പേ കണക്കുക്കൂട്ടൽ പിഴച്ച് വേഗത്തിൽ എത്തിയ ട്രെയിൻ യുവാവിനെ ഇടിക്കുകയായിരുന്നു.
ഇരുവരും സമീപത്തെ വർക്ക് ഷോപ്പിൽ വാഹനം നന്നാക്കാൻ എത്തിയതായിരുന്നു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗീതുവാണ് അജിത്തിൻ്റെ സഹോദരി.
അമലിന്റെ ദാരുണമരണത്തില്‍ തേങ്ങി നടാൽ ഗ്രാമം, കണ്ണീര് പൂക്കളുമായി നാട്ടുകാര്‍
ബൈക്ക് അപകടത്തില്‍ ദാരുണമായി മരിച്ച അമലിന് നടാല്‍ ഗ്രാമം യാത്രാമൊഴിയേകി. ഉച്ചയ്ക്ക് നടാല്‍ സൂര്യ ഹോട്ടലിന് സമീപമുള്ള നടുക്കണ്ടി വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയത്.
വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ വാഹനാപകടമുണ്ടായത്. കണ്ണൂരില്‍ നിന്നും വീട്ടിലേക്ക് വരികയായിരുന്ന അമലും സുഹൃത്തും സഞ്ചരിച്ച ബൈക്ക് റോഡരികിലെ മരത്തിലിടിച്ചു തെറിക്കുകയായിരുന്നു. തൊട്ടുപുറകിലുണ്ടായിരുന്ന ടാങ്കര്‍ ലോറി അമലിന്റെ ദേഹത്തു കൂടി കയറി തല്‍ക്ഷണം മരണം സംഭവിച്ചു.
കൂടെയുണ്ടായിരുന്ന വൈഷ്ണവ് റോഡിന് പുറത്തേക്ക് തെറിച്ചു വീണതിനാല്‍ ഗുരുതരമായ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വൈഷ്ണവ് കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ ചികിത്സയിലാണ്. ടാങ്കറിന്റെ പുറകുവശത്തെ ടയറുകളാണ് അമലിന്റെ ദേഹത്തു കൂടി കയറിയത്. ചക്രത്തിനിടയില്‍ ആള് കുടുങ്ങിയിട്ടും ടാങ്കര്‍ 200 മീറ്ററോളം സഞ്ചരിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ജെ.സി.ബി മെക്കാനിക് ആണ് അമല്‍. എടക്കാട് മെഡിക്കല്‍ ഷോപ് നടത്തുന്ന ഉത്തമന്- അജിത ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അതുല്‍, റജിന.