KeralaNEWS

സ്കൂൾ പരിസരത്ത് ഉണ്ടാകുന്ന സംഘർഷ സാധ്യത തടയാൻ അധികൃതർ കർശന നടപടി കൈക്കൊള്ളം: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ പരിസരത്ത് ഉണ്ടാകുന്ന സംഘർഷ സാധ്യത തടയാൻ അധികൃതർ കർശന നടപടി കൈക്കൊള്ളണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. അപൂർവ്വം ചില സ്കൂളുകളിൽ സമാധാനപരമായ പഠനാന്തരീക്ഷത്തിന് ഭംഗം വരുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഇക്കാര്യം കർശനമായി പരിശോധിച്ച് നടപടി എടുക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. സ്കൂൾ പരിസരത്ത് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം നടക്കുന്നില്ലെന്ന് അധ്യാപകർ ഉറപ്പ് വരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.

ഏതെങ്കിലും കുട്ടി ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെട്ടു എന്ന് കണ്ടെത്തുകയാണെങ്കിൽ അടിയന്തിര ശാസ്ത്രീയ ഇടപെടലുകൾ നടത്തണം. കഴിഞ്ഞ ദിവസം മലപ്പുറത്തും കണ്ണൂരിലും സ്കൂൾ പരിസരത്ത് ഉണ്ടായ സംഘർഷങ്ങൾ ദൗർഭാഗ്യകരമാണ്. ഇത്തരം സംഘർഷങ്ങൾ ഒഴിവാക്കാൻ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ആവശ്യമെങ്കിൽ സ്കൂൾ നിൽക്കുന്ന സ്റ്റേഷൻ പരിധിയിലെ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി സ്കൂൾ അധികൃതർ നടപടി കൈക്കൊള്ളണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു.

Signature-ad

മലപ്പുറം ജില്ലയിലെ വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് കഴിഞ്ഞ ദിവസം വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല് നടന്നത്. പിടിച്ച് മാറ്റാനെത്തിയ അധ്യാപകരെയും കുട്ടികള്‍ വളഞ്ഞിട്ട് തല്ലിയിരുന്നു. സ്കൂള്‍ പരിസരത്തു നിന്നും അടി റോഡിലേക്കിറങ്ങിയതോടെ പ്രശ്നത്തില്‍‌ നാട്ടുകാര്‍ ഇടപെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്ത് സ്കൂളിലേക്ക് തന്നെ തിരിച്ച് കയറ്റിയത്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് ചേരിതിരിഞ്ഞ് അടിതുടങ്ങിയത്.

പിരിഞ്ഞുപോകാൻ കൂട്ടാക്കാത്ത വിദ്യാർഥികളെ നാട്ടുകാര്‍ കൈ വച്ചാണ് തിരികെ സ്കൂളിലേക്ക് കയറ്റിയത്. പ്ലസ് വണിൽ പഠിക്കുന്ന കുട്ടിയെ സീനിയേഴ്സ് റാഗ് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പിന്നീട് അടിയിൽ കലാശിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ടീഷർട്ട് ധരിച്ചെത്തിയ വിദ്യാർഥിയെ മറ്റ് കുട്ടികൾ മർദ്ദിച്ചെന്നും ഇതിന് പകരമായി അടി കിട്ടിയ കുട്ടിയും സുഹൃത്തുക്കളും എത്തി തിരിച്ചടിക്കുകയായിരുന്നു.

Back to top button
error: