KeralaNEWS

കടുത്ത സമ്മർദ്ദം, പാർട്ടി എംഎൽഎയെ കൈവിട്ടു; എൽദോസ് കുന്നപ്പിള്ളി 20നുള്ളിൽ വിശദീകരണം നൽകണം: കെ.സുധാകരൻ

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി ഈ മാസം 20 നുള്ളിൽ വിശദീകരണം നൽകണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. സമയപരിധിക്കുള്ളിൽ മറുപടി ഇല്ലെങ്കിൽ കടുത്ത അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് കത്തിലെ മുന്നറിയിപ്പ്. ഒളിവിൽ പോയ എംഎൽഎയെ കൈവിട്ട് മുഖം രക്ഷിക്കാനാണ് കോൺഗ്രസിൻ്റെ നീക്കം.

പെരുമ്പാവൂർ എംഎൽഎക്കെതിരായ ബലാത്സഗംക്കേസിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം കടുത്ത സമ്മർദ്ദത്തിലാണ്. എൽദോയുടെ കേസിൽ എന്താണ് സംഭവിച്ചതെന്ന് മുതിർന്ന നേതാക്കൾക്ക് ഒരറിവുമില്ല. പീഡനപരാതി ഉയർന്ന ശേഷം എൽദോസ് നേതാക്കളോട് സംസാരിച്ചിട്ടേയില്ല. വിശദീകരണം തേടിയശേഷം നടപടി എന്നതാണ് പാർട്ടി രീതി. പക്ഷേ സാങ്കേതികത്വം പറഞ്ഞ് നടപടി നീളുന്നതിൽ പാർട്ടി സംശയ നിഴലിലായതോടെയാണ് മറുപടിക്ക് സമയപരിധി നിശ്ചയിച്ചത്.

Signature-ad

പാർട്ടിയിൽ നിന്നും സസ്പെൻഷൻ അല്ലെങ്കിൽ കെപിസിസി അംഗത്വത്തിൽ നിന്നും പുറത്താക്കലാണ് ആലോചനയിലുള്ള ശിക്ഷാ നടപടി. എൽദോയെ പാർട്ടിയിൽ നിന്നും പുറത്താക്കിയാൽ എംഎൽഎ സ്ഥാനം നഷ്ടമാകുമെന്നതിനാൽ അത് നിലവിൽ പരിഗണിക്കുന്നില്ല. നേരത്തെ മറ്റൊരു പീഡനപരാതിയിൽ അറസ്റ്റിലായതിന് പിന്നാലെ എം വിൻസെന്റ് എംഎൽഎയെ കെപിസിസി സെക്രട്ടറി സ്ഥാനത്തു നിന്നും നേതൃത്വം മാറ്റിയിരുന്നു. എന്നാൽ വിൻസെന്റ് എല്ലാകാര്യങ്ങളും പാർട്ടിയോട് വിശദീകരിച്ചും പാർട്ടി നേതൃത്വത്തിൻ്റെ അറിവോടെയുമാണ് കാര്യങ്ങൾ നീക്കിയത്. എന്നാൽ എൽദോസിനെ ഫോണിൽ പോലും കിട്ടാത്തതാണ് നേതാക്കളെ കുഴക്കുന്നത്. കാര്യങ്ങൾ കൃത്യമായി വിശദീകരിക്കാതെ എൽദോസ് ഒളിവിൽ പോയതും നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

നേരത്തെ എൽദോസ് ഒരു ചടങ്ങിൽ നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത് വന്നപ്പോൾ ഇത്തരം പെരുമാറ്റങ്ങൾ പാടില്ലെന്ന് കെപിസിസി നേതൃത്വം എൽദോസിനെ കർശനമായി താക്കീത് ചെയ്തിരുന്നുവെന്നാണ് സൂചന. അതിനിടെ എൽദോസ് കുന്നപ്പിള്ളിയുടെ രാജി പരസ്യമായി ആവശ്യപ്പെടാതെയാണ് ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പിരിഞ്ഞത്. കോൺഗ്രസിന് തന്നെ വൈകാതെ എംഎൽഎയുടെ രാജി ആവശ്യപ്പെടേണ്ടി വരുമെന്നാണ് സിപിഎമ്മിൻ്റെ കണക്കുകൂട്ടൽ. വിഷയം സജീവ ചർച്ചയായി തുടരുമ്പോൾ എൽദോസിന് രാജിവെക്കേണ്ടി വരുമെന്നതിനാൽ ഇപ്പോൾ തന്ത്രപരമായ നിലപാടെടുക്കാനാണ് സിപിഎം തീരുമാനം.

Back to top button
error: