പാലക്കാട്: പാലക്കാട്ടെ പ്രമുഖ സിപിഎം നേതാവും മുൻ എംഎൽഎയും കെടിഡിസി ചെയര്‍മാനുമായ പി.കെ .ശശിക്കെതിരായ പരാതികൾ പരിശോധിക്കാൻ പാര്‍ട്ടി നേതൃത്വം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ അധ്യക്ഷതയിൽ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ശശിക്കെതിരായ ആരോപണങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. എംവി ഗോവിന്ദൻ തന്നെയാണ് ഈ നിര്‍ദേശം നൽകിയത്.
ഇതിനു മുന്നോടിയായി ഞായറാഴ്ച സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റികളും ലോക്കൽ കമ്മിറ്റികളും യോഗം ചേരും. യോഗത്തിൽ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയും ജില്ലയിൽനിന്നുള്ള മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും. പാർട്ടിയുടെ അറിവില്ലാതെ സി പി എം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പരാതി. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ പി.കെ ശശി തൻ്റെ സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പാർട്ടിക്ക് മുന്നിലെത്തിയ പരാതി. ശശിക്കെതിരായ പരാതികൾ സിപിഎം നേതൃത്വം ആദ്യം ഒതുക്കി വച്ചെങ്കിലും സംഭവം വാര്‍ത്തയായതോടെ നേതൃത്വം വിഷയത്തിൽ ഇടപെടുകയായിരുന്നു.
അതേസമയം പി.കെ. ശശിക്കെതിരെ പാർട്ടിക്ക് മുന്നിലേക്ക് പരാതി പ്രവാഹമാണ്. മണ്ണാർക്കാട് സഹകരണ എജുക്കേഷൻ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സൽ കോളേജിനു വേണ്ടി ധനസമാഹരണവും ദുർവിനിയോഗവും നടത്തിയെന്ന പരാതി ഏറെ നാളായി പാർട്ടിക്ക് മുന്നിലുണ്ട്. സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് 5.49 കോടി രൂപയാണ് ഓഹരിയായി സമാഹരിച്ചത്.
പാർട്ടി അറിയാതെയായിരുന്ന ഈ ധനസമാഹരണമെന്നാണ് ആരോപണം. പണം വിനിയോഗിച്ചതിലും ക്രമക്കേടുണ്ടെന്നും ആരോപണവുണ്ട്. ഇഷ്ടക്കാരെ സഹകര സ്ഥാപനങ്ങളിലെ ജോലിയിൽ തിരുകി കയറ്റിയെന്നും പരാതിയെത്തി. മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ കെ.മൻസൂർ ആണ് സംസ്ഥാന-ജില്ല നേതൃത്വങ്ങള്‍ക്ക് രേഖാമൂലം ശശി നടത്തിയ ക്രമക്കേടുകൾ പാര്‍ട്ടിക്ക് മുന്നിലെത്തിച്ചത്. സിപിഎം നേതൃത്വം മൂടിവച്ച ഈ പരാതികൾ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയപ്പോൾ, ആദ്യം ജില്ലാ സെക്രട്ടറിയേറ്റ് ചർച്ചയ്ക്ക് എടുത്തു. പ്രാഥമിക പരിശോധനയും പൂർത്തിയാക്കി.തുടര്‍ന്നാണ് ഇന്ന് എംവി ഗോവിന്ദൻ്റെ അധ്യക്ഷതയിൽ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പരാതികൾ പരിശോധിക്കാൻ തീരുമാനിച്ചത്.
സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ നടന്നതായി ശരിവയ്ക്കുന്ന സഹകരണ രജിസ്ട്രാറുടെ ഓഡിറ്റ് റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. പണം നൽകിയ ബാങ്കുകൾക്ക് ഇതുവരെ ലാഭവിഹിതമോ പലിശയോ നൽകിയിട്ടില്ല. ഇതും പരാതിയായി പാർട്ടിക്കുമുന്നിലുണ്ട്. .ശശിയുടെ ഏകപക്ഷീയ തീരുമാനങ്ങളിൽ ഭൂരിപക്ഷം നേതാക്കളുടെ അതൃപ്തരാണ്. ഒടുവിൽ ജില്ലാ നേതൃത്വം പരാതി പരിഗണിച്ചപ്പോൾ, നടപടി വേണമെന്നാണ് ഭൂരിപക്ഷവും ആവശ്യപ്പെട്ടത്. സംസ്ഥാന സെക്രട്ടറി കൂടി പങ്കെടുക്കുന്ന യോഗത്തിലും നേതാക്കാൾ ആവശ്യം ആവർത്തിച്ചേക്കും എന്നാണ് സൂചന. പാര്‍ട്ടി സെക്രട്ടറി ആരോപണങ്ങൾ പരിശോധിക്കാൻ നിര്‍ദേശിച്ച സ്ഥിതിക്ക് പാർട്ടി കമ്മീഷനെ വയ്ക്കാനാണ് സാധ്യത.