പത്തനംതിട്ട: നരബലിയിലൂടെ കുപ്രദ്ധമായ ഇലന്തൂരില്‍ മുമ്പും നരബലി നടന്നിട്ടുണ്ട്. 1997 സെപ്റ്റംബറിലാണ് നാലര വയസ്സുകാരി നരബലിയുടെ ഭാഗമായി കൊല്ലപ്പെട്ടത്. ഭഗവല്‍ സിങ്ങിന്റെ വീടിന് നാലരകിലോമീറ്റര്‍ മാറിയാണ് അന്ന് നരബലി നടന്നത്. പൂക്കോട് കണിയാന്‍കണ്ടത്തില്‍ വീട്ടില്‍ ശശിരാജപ്പണിക്കരും മൂന്നാം ഭാര്യ സീനയും ചേര്‍ന്നാണ് അന്ന് നിഷ്ഠൂര കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
പണിക്കരുടെ രണ്ടാം വിവാഹത്തിലെ കുട്ടിയായ അശ്വനിയാണ് കൊല്ലപ്പെട്ടത്. ശരീരഭാഗങ്ങളാകെ പൊള്ളലേല്‍പ്പിച്ച് കൊലപാതകം നടത്തിയെന്നാണ് പോലീസ് കണ്ടെത്തിയത്. ആയുര്‍വേദ വൈദ്യനായ ശശിരാജപ്പണിക്കര്‍ മൂന്നാം ഭാര്യ സീനയുടെ പ്രേരണയ്ക്കു വഴങ്ങി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
വീട്ടിലുള്ള നിധി കണ്ടെടുക്കാനും, ഐശ്വര്യത്തിനുമായാണ് കുട്ടിയെ ബലി നല്‍കിയത്. വീട്ടില്‍ പൂജകളും കര്‍മ്മങ്ങളും നടന്നിരുന്നുവെന്നും, ആളുകളുമായി അടുത്ത് ഇടപഴകുന്ന സ്വഭാവക്കാരനായിരുന്നില്ല ശശിരാജപ്പണിക്കരെന്നും കേസില്‍ നിര്‍ണായക സാക്ഷിമൊഴി നല്കിയ മംഗളാനന്ദന്‍ പറഞ്ഞു.
കേസില്‍ രണ്ടു പ്രതികളെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു വരവെ, ശശിരാജപ്പണിക്കര്‍ ഒരു മാസം മുമ്പ് മരിച്ചു. സീന ഇപ്പോഴും ജയിലിലാണ്.