NEWS

തമിഴ്‌നാട്ടില്‍ കര്‍ഷകനെ വെടിവച്ചു കൊലപ്പെടുത്തി

മേട്ടുപാളയം:ആടുകള്‍ മോഷണം പോയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ തമിഴ്‌നാട്ടില്‍ കര്‍ഷകനെ യുവാവ് വെടിവച്ചു കൊലപ്പെടുത്തി.
കോയമ്ബത്തൂര്‍ ജില്ലയിലെ മേട്ടുപ്പാളയം സ്വദേശിയായ ചിന്നസ്വാമിയെയാണ് (58) പ്രദേശവാസിയായ രഞ്ജിത് കുമാര്‍ (28) കൊലപ്പെടുത്തിയത്. ഞായറാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. മന്ദരയ്ക്കാട് പ്രദേശത്തെ കൃഷിയിടത്തില്‍ മേയാനായി വിട്ടിരുന്ന ചിന്നസ്വാമിയുടെ ചില ആടുകളെ ശനിയാഴ്‌ച വൈകുന്നേരം മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് ചിന്നസ്വാമി പൊലീസില്‍ പരാതിയും നല്‍കി.

ഇതിനിടെ പ്രദേശത്തുള്ള രഞ്‌ജിത് കുമാറിന് ആട് മോഷണവുമായി ബന്ധമുണ്ടെന്ന് ആരോപണവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു.ഇതിനിടെ തന്‍റെ വീടിന് മുന്നില്‍ കൂടി നടന്ന് പോവുകയായിരുന്ന രഞ്ജിത്തുമായി സംഭവത്തെച്ചൊല്ലി ചിന്നസ്വാമി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അയാളെ മര്‍ദിക്കുകയും ചെയ്‌തു.

തുടര്‍ന്ന് അര്‍ധരാത്രിയോടെ ഒരു സിംഗിള്‍ ബാരല്‍ തോക്കുമായി എത്തിയ രഞ്ജിത്ത് ചിന്നസ്വാമിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടികൊണ്ട ചിന്നസ്വാമി സംഭവ സ്ഥലത്തുവച്ച്‌ തന്നെ കൊല്ലപ്പെട്ടു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് രഞ്ജിത് കുമാറിനെ അറസ്റ്റ് ചെയ്‌ത് ആയുധം പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Back to top button
error: