NEWS

ലോക്സഭ തിരഞ്ഞെടുപ്പ്; ബി ജെ പി നേതൃയോഗം ഇന്ന് കോട്ടയത്ത് 

കോട്ടയം:2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബി ജെ പി നേതൃത്വം തുടക്കം കുറിച്ചിരിക്കുകയാണ്.ഇതിന്റെ ഭാഗമായി ബി ജെ പി നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും.
രാവിലെ പത്തു മണിക്ക് കോര്‍ കമ്മിറ്റി യോഗവും ഉച്ചയ്ക്കു ശേഷം സംസ്ഥാന ഭാരവാഹി യോഗവുമാണ് നടക്കുന്നത്. സംസ്ഥാനത്തിന്‍റെ ചുമതലയുളള പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തില്‍ ആദ്യമായി നടക്കുന്ന പ്രധാന കൂടിക്കാഴ്ചയുമാണ് ഇത്.
ലോക്സഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം, പാര്‍ട്ടി പ്രധാനമായി ലക്ഷ്യം വെക്കുന്ന എ ക്ലാസ് മണ്ഡലങ്ങളുടെ പ്രവര്‍ത്തനം, സംസ്ഥാനത്തുടനീളം വോട്ട് വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കുമെന്നാണ് സൂചന. ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച്‌ ക്രിസ്ത്യന്‍ വിഭാഗത്തെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള തന്ത്രങ്ങള്‍ക്കും യോഗത്തില്‍ രൂപം കൊടുത്തേക്കും. യോഗങ്ങള്‍ കോട്ടയത്ത് വെച്ച്‌ നടത്തുന്നതിലും ഇത്തരമൊരു ലക്ഷ്യമുണ്ട്.
ഇത്തവണ കേരളത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആദ്യമായി അക്കൌണ്ട് തുറക്കുക എന്നുള്ളതാണ് ബി ജെ പി ലക്ഷ്യം. അതിന് അവര്‍ പ്രധാനമായും ഉന്നമിടുന്നത് തിരുവനന്തപുരം തന്നെയാണ്. തിരുവനന്തപുരം ഇത്തവണ ഉറപ്പ് തന്നെയാണെന്നാണ് ബി ജെ പിയുടെ അവകാശവാദം. കഴിഞ്ഞ തവണകളില്‍ വഴുതിപ്പോയ 2024 ല്‍ കയ്യില്‍ വരുന്നതോടെ സംസ്ഥാനത്ത് ആദ്യമായി ലോക്സഭ തിരഞ്ഞെടുപ്പ് വിജയമെന്ന ചരിത്രം കുറിക്കുമെന്നും ബി ജെ പി അഭിപ്രായപ്പെടുന്നു.
തിരുവനന്തപുരത്തിന് പുറമെ പത്തനംതിട്ട, തൃശൂര്‍, ആറ്റിങ്ങല്‍, കാസര്‍കോട് എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങളിലാണ് ബിജെപിയുടെ പ്രതീക്ഷ.

Back to top button
error: