തൃശൂര്‍: അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആറു വര്‍ഷത്തിനുശേഷം പിടിയില്‍. അസം സ്വദേശി മനോജ് ആണ് പിടിയിലായത്. മാള പിണ്ടാണിയില്‍ 2016 മേയ് ഒന്‍പതിനാണ് അസം സ്വദേശി ഉമാനാഥ് (40) കൊല്ലപ്പെട്ടത്. ഉമാനാഥും മനോജും തമ്മിലുള്ള മൂപ്പിളമത്തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.
പിണ്ടാണിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ ജോലിക്ക് എത്തിയതായിരുന്നു ഉമാനാഥും മനോജും. നാട്ടുകാരനായ മനോജിനെ ജോലിക്കു കൊണ്ടുവന്നത് ഉമാനാഥായിരുന്നു. വീട്ടുകാരുടെ പ്രീതി പിടിച്ചുപറ്റുന്നത് മനോജാണെന്ന് ഉമാനാഥ് മനസിലാക്കി. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.
സ്വകാര്യ വ്യക്തിയുടെ ഔട്ട് ഹൗസില്‍ ഇരുവരും ഒന്നിച്ചായിരുന്നു താമസം. ഇരുവരും തമ്മിലുള്ള വൈരം ഇരട്ടിയായതോടെ ഉറങ്ങിക്കിടന്ന ഉമാനാഥിനെ മനോജ് കോടാലി കൊണ്ട് തലയ്ക്കടിച്ചു. വെട്ടുക്കത്തിയെടുത്ത് വെട്ടി. 37 മുറിവുകളുണ്ടായിരുന്നു ഉമാനാഥിന്റെ ശരീരത്തില്‍.
മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇവിടെനിന്നു ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡും മൃതദേഹത്തിന്‍െ്‌റ ശരീരത്തിലുണ്ടായിരുന്ന വസ്ത്രവും മനോജിന്റേതായിരുന്നു. കൊല്ലപ്പെട്ടത് മനോജാണെന്ന് പോലീസും വീട്ടുകാരും ആദ്യം കരുതി. കൊലയാളി ഉമാനാഥാണെന്നും കരുതി. ഉമാനാഥിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം നടത്തി. എന്നാല്‍, കൊല്ലപ്പെട്ടത് ഉമാനാഥാണെന്ന് കണ്ടെത്തിയത് വീട്ടുജോലിക്കാരിയാണ്. കൈപ്പത്തി കണ്ടാണ് വീട്ടുജോലിക്കാരി ഇത് മനോജിന്റേതല്ല ഉമാനാഥിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
മനോജ് ആദ്യം ചെയ്തത് ഉപയോഗിച്ച ഫോണും സിമ്മും നശിപ്പിക്കലാണ്. ശേഷം അസമിലേക്ക് ട്രെയിന്‍ കയറി. അവിടെ ഒളിവില്‍ കഴിഞ്ഞു. മാള പോലീസ് പലപ്രാവശ്യം അസമില്‍ പോയി അന്വേഷിച്ചെങ്കിലും വെറുംകയ്യോടെ മടങ്ങി. തൃശൂര്‍ റൂറല്‍ എസ്പിയായി ഐശ്വര്യ ഡോംഗ്രേ ചുമതലയേറ്റ ശേഷം പഴയ കേസുകള്‍ വിലയിരുത്തി. മാള പിണ്ടാണിയിലെ ഉമാനാഥിന്റെ കൊലയാളിയെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.
മനോജിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകള്‍ സൈബര്‍സെല്‍ നിരീക്ഷിച്ചു. പണം പിന്‍വലിച്ചതും എടിഎം കാര്‍ഡിന്റെ ഉപയോഗവും എല്ലാം സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലായി. എടിഎം കൗണ്ടറിലെ ക്യാമറയില്‍നിന്ന് ദൃശ്യങ്ങളും കിട്ടി. അസം പോലീസിന്റെ സഹായത്തോടെ പ്രതിയുടെ ഒളിത്താവളം കണ്ടെത്തി. തുടര്‍ന്ന് മാള എസ്.എച്ച്.ഒയും സംഘവും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.