CrimeNEWS

ഇളയമകളുടെ വിവാഹത്തിന് സൂക്ഷിച്ച 10 പവന്‍ കവര്‍ന്നു; അമ്മയുടെ പരാതിയില്‍ മൂത്ത മകളും മരുമകനും അറസ്റ്റില്‍

കോട്ടയം: ഇളയമകളുടെ വിവാഹാവശ്യത്തിനായി അമ്മ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മൂത്തമകളെയും മരുമകനെയും അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന കുന്നിന്‍പുറംഭാഗത്ത് ടി.സി. 21/635 വീട്ടില്‍ കിരണ്‍രാജ് (26), ഭാര്യ ഐശ്വര്യ (22) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഏറ്റുമാനൂര്‍ പേരൂരിലെ കുടുംബവീട്ടില്‍ ഓണാവധിക്ക് എത്തിയപ്പോഴാണ് ഐശ്വര്യ, അമ്മ സൂക്ഷിച്ചിരുന്ന സ്വര്‍ണം എടുത്തത്. ഈ സമയം അമ്മ ജോലിക്കായി പാലക്കാട്ടായിരുന്നു. സ്വര്‍ണം തിരുവനന്തപുരത്തെ ഭര്‍ത്തൃവീട്ടിലേക്ക് കൊണ്ടുപോയി.

Signature-ad

പാലക്കാട്ടുനിന്നു തിരിച്ചെത്തിയ അമ്മ, വീട്ടില്‍ സൂക്ഷിച്ചിരുന്ന 10 പവന്‍ സ്വര്‍ണം കാണാനില്ലെന്ന് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ പരാതിനല്‍കി.

വീട്ടിലുണ്ടായിരുന്നവരെ പോലീസ് ചോദ്യംചെയ്തു. തന്റെ അച്ഛന്‍ സ്വര്‍ണം എടുക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് പോലീസിനെ ഐശ്വര്യ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. ഇതാണ് ഇവരെ സംശയിക്കാന്‍ കാരണം.

ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയപരിശോധനകള്‍ക്കൊടുവില്‍, സ്വര്‍ണം മോഷ്ടിച്ചത് മകള്‍ തന്നെയാണെന്ന് കണ്ടെത്തി. ഭര്‍ത്തൃവീട്ടില്‍നിന്ന് 10 പവന്‍ സ്വര്‍ണം കണ്ടെടുത്തു. ഇതില്‍ അഞ്ച് പവന്‍ മുക്കുപണ്ടമായിരുന്നു.

മോഷ്ടിച്ച സ്വര്‍ണത്തില്‍നിന്ന് അഞ്ചുപവന്‍ വരുന്ന മാല പണയംവെച്ചു. ഇതിന് പകരമായി അത്രയും മുക്കുപണ്ടവും പെട്ടിയില്‍ വെക്കുകയായിരുന്നെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

 

 

 

Back to top button
error: