ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമിലെ ലൈക്കിന്റെയും കമ്മന്റിന്റെയും പേരില്‍ രണ്ട് പേരെ കുത്തികൊലപ്പെടുത്തി. ഔ്ട്ടര് ഡല്‍ഹിയിലെ ഭല്‍സ്വ ഡയറിയിലാണ് സംഭവം. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സഹില്‍ (18), നിഖില്‍ (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിന്റെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാനായി ഒരു സ്ത്രീയെ കാണാന്‍ എത്തിയതായിരുന്നു ഇവര്‍. സംസാരത്തിനിടയില്‍ സഹിലും യുവതിയും തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു.
പിന്നീട് തന്റെ വീടിനു സമീപം വരാന്‍ സഹിലിനോട് യുവതി ആവശ്യപ്പെട്ടു. സഹില്‍ തന്റെ സുഹൃത്ത് നിഖിലിനേയും കൂട്ടി യുവതിയുടെ വീടിനടുത്ത് എത്തുകയും അവിടെ വെച്ച് ഇരുവരെയും കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ പരിചയക്കാരും ഫോളോവേഴ്സും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് ആരോപണം.
ഒന്നിലധികം തവണ കുത്തേറ്റ യുവാക്കള്‍ രക്തം വാര്‍ന്ന നിലയിലായിരുന്നു. ആളുകള്‍ ഓടിയെത്തിയപ്പോള്‍ പ്രതികള്‍ കൈയിലിരുന്ന കത്തി കാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തെന്നും ബാക്കിയുള്ളവരെ പിടികൂടാന്‍ സി.സി. ടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.