NEWS

വേഗം കൂട്ടൽ: കേരളത്തിലെ 2 റെയിൽ പാതകളുടെ ഗ്രൂപ്പ് മാറ്റി റെയിൽവേ

തിരുവനന്തപുരം:  കേരളത്തിലെ റെയിൽ പാതകളിലെ വേഗം കൂട്ടുന്നതിനു മുന്നോടിയായി 2 പാതകൾ ഡി ഗ്രൂപ്പിൽ നിന്നു ബി ഗ്രൂപ്പിലേക്ക് ഉയർ‌ത്തി റെയിൽവേ ബോർഡ്.
തിരുവനന്തപുരം–എറണാകുളം (ആലപ്പുഴ വഴി), ഷൊർണൂർ–മംഗളൂരു പാതകളാണു ഗ്രൂപ്പ് ബിയിൽ ഉൾപ്പെടുത്തിയത്. ഗ്രൂപ്പ് ബിയുടെ ഭാഗമായ റൂട്ടുകളാണ് മണിക്കൂറിൽ 130 കിലോമീറ്റർ വേഗം സാധ്യമാകുന്ന തരത്തിൽ വികസിപ്പിക്കുക.
 പ്രാധാന്യത്തിന്റെയും വേഗത്തിന്റെയും അടിസ്ഥാനത്തിൽ ബ്രോഡ്ഗേജ് പാതകളെ 5 ആയിട്ടാണു തിരിച്ചിട്ടുള്ളത്. എ ഗ്രൂപ്പിൽ വരുന്ന പാതകളിൽ 160 കിമീ വേഗവും ബിയിൽ 130 കിമീ വേഗവും വേണമെന്നാണു നിബന്ധന. കേരളത്തിലെ മിക്ക പാതകളും പരമാവധി വേഗം 100 വരുന്ന ഡി ഗ്രൂപ്പിലായിരുന്നു ഇതുവരെ.
ഓഗസ്റ്റിൽ തിരുവനന്തപുരം–മംഗളൂരു പാതയിൽ വേഗം കൂട്ടാനായി അന്തിമ ലൊക്കേഷൻ സർവേ നടത്താൻ 12.88 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണു പാതകളുടെ ഗ്രൂപ്പ് മാറ്റം. കോട്ടയം വഴിയുള്ള പാതയിൽ വളവുകളും പാലങ്ങളും കൂടുതലായതിനാലാണു വേഗം കൂട്ടാനുള്ള പദ്ധതിയിൽ ഇടംപിടിക്കാതിരുന്നത്. ആലപ്പുഴ വഴിയുള്ള പാതയിൽ താരതമ്യേന വളവുകൾ കുറവാണെന്നതും സമതലങ്ങളിലൂടെയാണെന്നതും വേഗം കൂട്ടാൻ സഹായമാണ്.
പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾ നൽകിയ പ്രാരംഭ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു റെയിൽവേ വേഗം കൂട്ടൽ നടപടികളുമായി മുന്നോട്ടു പോകുന്നത്. വിശദമായ പഠന റിപ്പോർട്ട് ഇനിയും തയാറായിട്ടില്ല. കൊല്ലം, കുറ്റിപ്പുറം സ്റ്റേഷനുകളിൽ വളവുകൾ നിവർത്താനായി ബൈപാസ് ലൈനുകൾ നിർമിക്കേണ്ടി വരും.
ഒട്ടേറെ സ്ഥലങ്ങളിൽ വളവുകൾ കുറയ്ക്കാനായി കൂടുതൽ ഭൂമിയേറ്റെടുക്കേണ്ടതുണ്ട്. വിശദമായ പഠനം നടത്തിയാലേ എവിടെയൊക്കെ ബൈപാസ് ലൈനുകളും വേണ്ടി വരുന്ന ഭൂമിയുടെ കണക്കുകളും വ്യക്തമാകൂയെന്ന് അധികൃതർ പറഞ്ഞു.

Back to top button
error: