”ഭര്‍തൃവീട്ടുകാര്‍ കൊല്ലാന്‍ ശ്രമിച്ചു, ഇറക്കിവിട്ടു” -പരാതിയുമായി മൂത്ത മരുമകളും
കൊല്ലം: കൊട്ടിയം തഴുത്തലയില്‍ യുവതിയെയും മകനെയും വീട്ടില്‍നിന്ന് ഇറക്കിവിട്ട കുടുംബത്തിനെതിരേ കടുത്ത ആരോപണങ്ങളുമായി മൂത്ത മരുമകളും രംഗത്ത്. ഭര്‍തൃവീട്ടുകാര്‍ കൊല്ലാന്‍ ശ്രമിച്ചതായും വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്നും മൂത്ത മരുമകള്‍ വിമി ആരോപിച്ചു. തന്റെ സ്വര്‍ണവും പണവും ഭര്‍തൃവീട്ടുകാര്‍ കൈവശപ്പെടുത്തിയെന്നും വിമി ആരോപിച്ചു. ഇന്നലെ വൈകിട്ട് വീട്ടില്‍നിന്ന് ഇറക്കിവിട്ട അതുല്യയുടെ ഭര്‍ത്താവ് പ്രതീഷ് കുമാറിന്റെ ചേട്ടന്‍ പ്രസീദ് കുമാറിന്റെ ഭാര്യയാണ് വിമി.
തഴുത്തല സ്വദേശിനി അതുല്യ, അഞ്ചു വയസുകാരനായ മകന്‍ എന്നിവരെയാണ് വീട്ടുകാര്‍ ഇന്നലെ വൈകിട്ട് പുറത്താക്കിയത്. വീടിനു പുറത്തായതോടെ അമ്മയും മകനും രാത്രി കഴിച്ചുകൂട്ടിയത് വീടിന്റെ സിറ്റൗട്ടിലാണ്. സ്ത്രീധനത്തിന്റെ പേരില്‍ തുടരുന്ന പീഡനത്തിന്റെ തുടര്‍ച്ചയായാണ് വീട്ടില്‍നിന്ന് ഇറക്കവിട്ടതെന്ന് അതുല്യ മനോരമ ന്യൂസിനോടു പ്രതികരിച്ചിരുന്നു. നിലവില്‍ ഗുജറാത്തിലുള്ള ഭര്‍ത്താവ് പ്രതീഷ് കുമാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ലെന്നാണ് അതുല്യ നല്‍കുന്ന വിവരം.
അതിനിടെ, പോലീസ് ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നാട്ടുകാരും പോലീസുമായി വാക്കേറ്റമുണ്ടായി. എന്നാല്‍, ഇവരെ വീട്ടില്‍ കയറ്റാതിരിക്കാനുള്ള അനുമതി ഭര്‍തൃമാതാവ് അജിതകുമാരി 2017 ല്‍ത്തന്നെ കോടതിയില്‍നിന്ന് വാങ്ങിയിട്ടുണ്ടെന്നാണ് പോലീസ് ഭാഷ്യം. കോടതി ഉത്തരവ് അവരുടെ കയ്യിലിരിക്കെ നിയമപരമായി നീങ്ങുന്നതിന് പരിമിതിയുണ്ടെന്ന് പോലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ വീട് ഉള്ളില്‍നിന്നും പൂട്ടിയ ഭര്‍തൃമാതാവുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാമെന്നും പോലീസ് പറയുന്നു.
ഇന്നലെ വൈകിട്ട് സ്‌കൂളില്‍നിന്നു വന്ന മകനെ കൂട്ടാനായി പുറത്തിറങ്ങിയപ്പോഴാണ് ഭര്‍തൃവീട്ടുകാര്‍ ഗേറ്റ് പൂട്ടിയത്. തന്റെ പണവും സ്വര്‍ണവും ഉപയോഗിച്ച് നിര്‍മിച്ച വീട്ടില്‍നിന്ന് ഇറക്കിവിട്ടുവെന്ന ആരോപണമാണ് അതുല്യ ഉന്നയിക്കുന്നത്. ഇതേ ആരോപണം തന്നെയാണ് ചേട്ടന്റെ ഭാര്യ വിമിയും ഉന്നയിക്കുന്നത്. ഇതേ വളപ്പില്‍ത്തന്നെ ഭര്‍തൃവീട്ടുകാര്‍ പണിതിരിക്കുന്ന മറ്റൊരു വീട് തന്റെ പണവും സ്വര്‍ണവും ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് വിമി ചൂണ്ടിക്കാട്ടുന്നു. അതിനുശേഷം ആ വീട്ടില്‍നിന്ന് തന്നെ ഇറക്കിവിട്ടുവെന്നാണ് വിമിയുടെ ആരോപണം.