പത്തനംതിട്ട: കനത്ത മഴയും മണ്ണിടിച്ചിലും റോഡ് തകര്‍ച്ചയും മൂലം അടച്ചിട്ടിരുന്ന ഗവി ടൂറിസം മേഖല തിങ്കളാഴ്ച മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നുനല്‍കും.
ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന 30 സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമാണ് അനുമതി. ആങ്ങമൂഴി കിളിയറിഞ്ഞാംകല്ല് ചെക്ക്പോസ്റ്റ് വഴിയാണ് ഗവിയിലേക്ക് പ്രവേശിക്കുക. 80 കിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ച് ഇടുക്കി ജില്ലയിലെ വള്ളക്കടവ് ചെക്ക്പോസ്റ്റില്‍ എത്തും. ഇതിനിടെ ഗവിയില്‍ വിശ്രമ-വിനോദ സൗകര്യങ്ങളുണ്ട്. വള്ളക്കടവില്‍ എത്തുന്ന സഞ്ചാരികളെ വനംവകുപ്പ് വാഹനത്തില്‍ പാക്കേജായിട്ടാണ് ഗവിയിലേക്ക് കൊണ്ടുപോവുക.
അതേസമയം പത്തനംതിട്ടയില്‍നിന്ന് രാവിലെ കെ.എസ്.ആര്.ടി.സിയുടെ രണ്ട് ബസുകൾ ഗവി വഴി കുമളിക്ക് സർവീസ് നടത്തുന്നുണ്ട്.കുമളി-ഗവി- പത്തനംതിട്ട റൂട്ടിൽ ഒരു സർവീസും കെഎസ്ആർടിസി നടത്തുന്നുണ്ട്.
ശക്തമായ മഴയില്‍ അരണമുടി മേഖലയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ആഗസ്റ്റ് 23മുതലാണ് ഗവി അടച്ചത്. ആഴ്ചകളോളം ഗതാഗതം നിലച്ചിരുന്നു. സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞിരുന്നെങ്കിലും കെ.എസ്.ആര്.ടി.സി രണ്ട് ബസുകള്‍ ഓടിച്ചിരുന്നു.കഴിഞ്ഞ ആഴ്ച മുതൽ അത് മൂന്നു ബസ് ആക്കിയിട്ടുണ്ട്.