ദുബൈ: ദുബൈ, ഷാര്‍ജ സെക്ടറില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കോഴിക്കോട്ടേക്ക് യാത്ര ചെയ്യാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ. വണ്‍വേയ്ക്ക് 300 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഒക്ടോബര്‍ 15 വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഈ ടിക്കറ്റ് ഉപയോഗിച്ച് ഡിസംബര്‍ ഏഴു വരെ യാത്ര ചെയ്യാനാകും. സൗജന്യ ബാഗേജ് അലവന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്. 35 കിലോ ലഗേജാണ് അനുവദിക്കുക.
അതേസമയം വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കുമുള്ള ഇളവുകൾ എയർ ഇന്ത്യ വെട്ടിക്കുറച്ചു. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ ഇളവുകൾ 50 ശതമാനത്തിൽ നിന്ന് 25 ശതമാനമായാണ് വെട്ടിക്കുറച്ചത്. അടിസ്ഥാന നിരക്കുകളിലെ പുതുക്കിയ ഇളവ് സെപ്റ്റംബർ 29 മുതൽ പ്രാബല്യത്തിൽ വന്നു. നിരക്കുകൾ വെട്ടികുറച്ചാലും എയർ ഇന്ത്യയിൽ മറ്റ് സ്വകാര്യ എയർലൈനുകളെ അപേക്ഷിച്ച് ഇരട്ടി ഇളവ് ലഭിക്കും. നിലവിൽ, സായുധ സേനാംഗങ്ങൾ, ഗാലൻട്രി അവാർഡ് ലഭിച്ചവർ, അർജുന അവാർഡ് ജേതാക്കൾ, രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയവർ, അന്ധരായ ആളുകൾ, കാൻസർ രോഗികൾ, ലോക്കോമോട്ടർ വൈകല്യമുള്ളവർ എന്നിവർക്ക് എയർ ഇന്ത്യ ഇളവുകൾ നൽകുന്നുണ്ട്.
മൊത്തത്തിലുള്ള വിപണി സാഹചര്യം കണക്കിലെടുത്താണ് ഇളവുകൾ വെട്ടിക്കുറച്ചത് എന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. എയർലൈനിന്റെ ടിക്കറ്റിംഗ് ഓഫീസുകളിൽ നിന്നോ കോൾ സെന്ററിൽ നിന്നോ വെബ്‌സൈറ്റിൽ നിന്നോ ടിക്കെറ്റുകൾ ബുക്ക് ചെയ്യുമ്പോൾ അടിസ്ഥാന നിരക്കിൽ മാത്രമാണ് ഇളവ് നൽകുന്നുണ്ട്. ടിക്കറ്റ് ബുക്കിംഗിന്റെ ആദ്യ ഘട്ടത്തിൽ തന്നെ എയർലൈനിന്റെ വെബ്‌സൈറ്റിൽ ഇളവുകൾ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ട്.
കൂടാതെ വിമാനം പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പെങ്കിലും ടിക്കെറ്റുകൾ ബുക്ക് ചെയ്തിരിക്കണം. ടിക്കറ്റ് വാങ്ങുമ്പോൾ ഈ ഇളവുള്ള നിരക്കുകൾ പ്രയോജനപ്പെടുത്താമെന്ന് എയർലൈൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. അതേസമയം സീറ്റുകളുടെ ലഭ്യതയെ ആശ്രയിച്ചിരിക്കും ഇളവുകൾ ലഭിക്കുന്നത്. മാത്രമല്ല, മുതിർന്ന വ്യക്തിയായാലും വിദ്യാർത്ഥികളാണെങ്കിലും കിഴിവ് ലഭിക്കുന്നതിന് അവരുടെ യഥാർത്ഥ രേഖകൾ കാണിക്കേണ്ടതുണ്ട്. ടാറ്റ ഗ്രൂപ്പിന് കീഴിലേക്ക് എയർ ഇന്ത്യ, വിസ്താര, എയർ ഏഷ്യ എന്നീ എയർലൈൻസുകളെ ലയിപ്പിക്കാനുള്ള തീരുമാനം പുറത്തുവന്നതിന് പിന്നാലെയാണ് ഇളവുകൾ വെട്ടിക്കുറച്ചത്.