Breaking NewsNEWS

നാദാപുരത്തും വടകരയിലും പി.എഫ്.ഐ സ്ഥാപനങ്ങളില്‍ റെയ്ഡ്; നോട്ടീസ് പതിച്ചു

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ നിരോധനത്തിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ക്കെതിരേ നടപടി തുടങ്ങി. വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഓഫീസുകളില്‍ എത്തിയ പോലീസ് ഇവിടങ്ങളില്‍ പരിശോധന നടത്തി. കോഴിക്കോട് റൂറല്‍ ജില്ലയില്‍ വടകര, തണ്ണീര്‍ പന്തല്‍, നാദാപുരം, കുറ്റ്യാടി എന്നിവിടങ്ങളിലെ പി.എഫ്.ഐയുടെ ചാരിറ്റബിള്‍ ട്രസ്റ്റുകളിലാണ് നോട്ടീസ് പതിച്ചത്.

വാസ് ട്രസ്റ്റ് എന്ന പേരില്‍ വടകര താഴെ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എം മനോജും സംഘവും പരിശോധന നടത്തി. സീല്‍ ചെയ്യുന്നതിനു മുന്നോടിയായി ഇവിടെ നോട്ടീസ് പതിച്ചു. റവന്യു അധികൃതരുടെ സാന്നിധ്യത്തിലാവും ഓഫീസ് സീല്‍ ചെയ്യുക. ഇതിനുള്ള നടപടിയിലേക്ക് അധികൃതര്‍ കടക്കുകയാണ്.

Signature-ad

നാദാപുരത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസില്‍ നാദാപുരം ഡിവൈ.എസ്.പി: വി.വി ലതീഷ് എത്തി നോട്ടീസ് പതിച്ചു. കെട്ടിടത്തില്‍ പോലീസ് പരിശോധന നടത്തുകയും ചെയ്തു. തണ്ണീര്‍പ്പന്തലിലെ കരുണ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസിലും പോലീസ് നോട്ടീസ് പതിച്ചു. നാദാപുരം സി.ഐ: ഇ.വി ഫായിസ് അലിയും സംഘവുമാണ് ഇവിടെ നോട്ടീസ് പതിച്ചത്. കുറ്റ്യാടി തൊട്ടില്‍ പാലം റോഡില്‍ പ്രവര്‍ത്തിക്കുന്ന സൗഹൃദ ചാരിറ്റബിള്‍ ട്രസ്റ്റ് കെട്ടിടത്തിലും നോട്ടീസ് പതിച്ചിട്ടുണ്ട്. ഈ കെട്ടിടങ്ങള്‍ക്ക് പോലീസ് കാവലും ഏര്‍പ്പെടുത്തി.

 

 

 

 

 

 

Back to top button
error: