കൊച്ചി: ഹിന്ദു ആചാര്യ സഭയുടെ ദേശീയ ജനറൽ സെക്രട്ടറി ശങ്കര വിജേന്ദ്ര പുരിയുടെ എറണാകുളം പിരാരൂരിലെ താമസ സ്ഥലത്തേക്ക് പെട്രോള്‍ ബോംബേറ്. ബ്രഹ്മവിദ്യ സിദ്ധ യോഗ സെന്‍ററിലേക്ക് ഇന്നലെ പുലര്‍ച്ചയായിരുന്നു പെട്രോള്‍ ബോംബേറുണ്ടായത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ വെളുപ്പിന് നാല് മണിയോടെയാണ് സംഭവം.
ശങ്കര വിജേന്ദ്ര പുരി സെന്‍ററില്‍ ഉണ്ടായിരുന്നപ്പോഴാണ് ആക്രണണമുണ്ടായത്.രണ്ട് ബിയര്‍ കുപ്പികളില്‍ പെട്രോള്‍ നിറച്ചാണ് എറിഞ്ഞത്. വലിയ ശബ്ദത്തോടെയാണ് കുപ്പികള്‍ പൊട്ടിയതെന്നും തറ കരിഞ്ഞെന്നും ശങ്കര വിജേന്ദ്ര പുരി പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തതറിഞ്ഞ് ആചാര്യ സഭയുടെ നേതൃത്വത്തിൽ പ്രവര്‍ത്തകര്‍ ആഹ്ളാദം പ്രകടിപ്പിച്ചിരുന്നു. അതിലുള്ള വിരോധമാവും ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നുവെന്ന് ശങ്കര വിജേന്ദ്ര പുരി പറഞ്ഞു. 2002 മുതൽ ഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നും അദ്ദേഹം പൊലീസിനോട് ആവശ്യപെട്ടു.
ഫോറൻസിക്ക് വിഭാഗവും, വിരലടയാള വിദഗ്ദരും സ്ഥലത്ത് എത്തി പരിശോധന നടത്തി. സമീപത്തെ സി സി ടി വി ക്യാമറകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അനേഷണം തുടങ്ങിയിട്ടുള്ളത്.