കൊച്ചി: അവിവാഹിതരടക്കം എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്ന സുപ്രീം കോടതി വിധി ആശങ്കയുളവാക്കുന്നതാണെന്ന് കെസിബിസി. ജീവനെതിരെയുള്ള നിലപാട് സ്വീകരിക്കാന്‍ ഇത് പലര്‍ക്കും പ്രേരണ നല്കുമെന്നാണ് കെസിബിസിയുടെ വാദം.
ഗര്‍ഭത്തില്‍ ജീവന്‍ ഉദ്ഭവിക്കുന്നത് സ്ത്രീകളുടെ മാത്രം പ്രവര്‍ത്തനം മൂലമല്ലെന്നും സ്ത്രീകളുടെ അവകാശം മാത്രമായി ഗര്‍ഭസ്ഥ ശിശുവിനെ പരിമിതപ്പെടുത്തുന്നത് മനുഷ്യമഹത്വം കുറച്ചു കാണിക്കുന്നതിന് തുല്യമാണെന്നുമാണ് കെസിബിസി വിലയിരുത്തൽ. അതിനാല്‍ തന്നെ കുടുംബ ഭദ്രതയ്ക്കും സ്ത്രീ മഹത്വത്തിനും വേണ്ടി ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം രാജ്യത്തിനും നിയമസംവിധാനങ്ങള്‍ക്കുണ്ടെന്നും കെസി ബി സി വിശദീകരിക്കുന്നു.
വിവാഹിതരും അവിവാഹിതരുമായുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭത്തിന്റെ 24 ആഴ്ച വരെയുള്ള കാലത്ത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് പ്രകാരം ഗര്‍ഭച്ഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാനവിധി പ്രസ്താവത്തിൽ വ്യക്തമാക്കുന്നത്. ഇതിൽ തരംതിരിവ് പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ നിയമത്തിൽ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമായിരുന്നു ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടായിരുന്നത്. ഇതാണ് സുപ്രീം കോടതി മാറ്റിയിരിക്കുന്നത്.
ഗര്‍ഭഛിദ്രം സ്വന്തം നിലക്ക് സ്ത്രീകള്‍ക്ക് തീരുമാനിക്കാം. ഭര്‍ത്താവ് അടക്കം ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാശമില്ല. വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും ഇക്കാര്യത്തില്‍ ഒരേ അവകാശമാണെന്നും കോടതി വിധിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ഗര്‍ഭം അലസിപ്പിക്കാനുള്ള അവകാശം ഇല്ലാതാക്കാന്‍ ഒരു സ്ത്രീയുടെ വൈവാഹിക നില അടിസ്ഥാനമാക്കാനാവില്ല.