KeralaNEWS

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: ഓക്ടോബർ 15 മുതൽ നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് സർക്കാർ

കൊച്ചി: കരുവന്നൂർ ബാങ്കിൽ പണം നിഷേപിച്ചവർക്ക് ഓക്ടോബർ 15 മുതൽ പണം തിരികെ നൽകുമെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. സർക്കാർ തയ്യാറാക്കിയ സ്കീം പ്രകാരമാണ് പണം തിരികെ നൽകുന്നതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.

കേരളാ ബാങ്കിൽ നിന്നടക്കം വായ്പ സ്വീകരിച്ച് നിക്ഷേപകർക്ക് പണം തിരിച്ചുനൽകുമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.  സഹകരണ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നുവെന്നും പ്രതിസന്ധി പരിഹരിക്കാൻ 400 കോടി രൂപ വേണമെന്ന് യോഗം വിലയിരുത്തിയെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. പണം തിരിച്ച് കിട്ടാനുള്ള മാർഗങ്ങൾ പുനഃസ്ഥാപിക്കാനും, നിക്ഷേപ തുക മുഴുവനും തിരിച്ച് നൽകാനും യോഗം തീരുമാനിച്ചവെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പണം അത്യാവശ്യമുള്ളവര്‍ ബാങ്കിനോട് രേഖാമൂലം ആവശ്യപ്പെടണമെന്നും അത്യാവശ്യക്കാര്‍ക്ക് പണം നൽകിയതിന്‍റെ രേഖകൾ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിക്കുകയും ചെയ്തിരുന്നു.

Signature-ad

2021 ജൂലൈ 14 ലാണ് കരുവന്നൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത്. നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചം പിടിച്ച പണം, സർവീസിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ തുക, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിരവധി പേർ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്. ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് പണം മുക്കിയെന്നായിരുന്നു ആരോപണം. ഉന്നത തല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. ബാങ്കിലെ വായ്പാ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി.

Back to top button
error: