IndiaNEWS

ട്രെയിന്‍തട്ടി മരിച്ച വയോധികയുടെ സംസ്‌കാരം നടത്തി; പിറ്റേന്ന് മരണാനന്തരചടങ്ങുകള്‍ക്കിടെ ‘പരേത’ തിരിച്ചെത്തി!

ചെന്നൈ: ട്രെയിന്‍തട്ടി മരിച്ചത് അമ്മയാണെന്നു കരുതി മകന്‍ മൃതദേഹം സംസ്‌കരിച്ചു. അടുത്തദിവസം അമ്മ വീട്ടില്‍ തിരിച്ചെത്തി! ചെന്നൈയ്ക്കടുത്ത് ഗുഡുവാഞ്ചേരിയിലാണ് സംഭവം. അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന വടിവേലുവാണ് അമ്മ ചന്ദ്ര (72) യുടെതാണെന്നു കരുതി ബുധനാഴ്ച അജ്ഞാത സ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ചത്.

എന്നാല്‍, വ്യാഴാഴ്ച ചന്ദ്ര വീട്ടില്‍ തിരിച്ചെത്തി. ഇതോടെ മരിച്ച സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമം പോലീസ് ശക്തമാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ സമീപത്തെ ക്ഷേത്രത്തില്‍ തൊഴാന്‍ പോയതായിരുന്നു ചന്ദ്ര. ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലെത്താത്തിനാല്‍ തിരച്ചില്‍ നടത്തി. പിന്നീട് പോലീസില്‍ വിവരം അറിയിച്ചു.

Signature-ad

അതിനിടയിലാണ് ഗുഡുവാഞ്ചേരിക്ക് സമീപം സബര്‍ബന്‍ ട്രെയിനിടിച്ച് വയോധിക മരിച്ചുവെന്ന് പോലീസിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ താംബരം റെയില്‍വേ പോലീസ് മൃതദേഹം ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.

വടിവേലു മൃതദേഹം ചന്ദ്രയുടെതാണെന്നു കരുതി ഏറ്റുവാങ്ങി ബുധനാഴ്ച സംസ്‌കരിക്കുകയും ചെയ്തു. ഇന്നലെ മരണാനന്തരചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് വീട്ടുകാരെയും ബന്ധുക്കളെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ചന്ദ്ര വീട്ടില്‍ മടങ്ങിശയത്തിയത്. സമീപജില്ലകളിലെ ക്ഷേത്രങ്ങളില്‍ കൂടി ദര്‍ശനം നടത്തിയതിനാലാണ് വരാന്‍ വൈകിയതെന്ന് ചന്ദ്ര അവരെ അറിയിച്ചു.

മരിച്ച സ്ത്രീയും അമ്മയും ഒരേ നിറത്തിലുള്ള സാരിയാണ് ധരിച്ചിരുന്നതെന്നും മുഖം വികൃതമായിരുന്നതിനാല്‍ തിരിച്ചറിയാന്‍ കഴിയാത്തതിനാലാണ് അമ്മയാണെന്ന് ഊഹിച്ചതെന്ന് വടിവേലു പറഞ്ഞു. മരിച്ച ആള്‍ ആരാണെന്നു കണ്ടെത്തുന്നതിനായി അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് വീണ്ടും ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചിരിക്കുകയാണ് പോലീസ്.

Back to top button
error: