തിരുവനന്തപുരം: മാനവരാശി മുഴുവൻ സുഖത്തോടും സന്തോഷത്തോടും ജീവിക്കാനാണ് കേരള ആരോഗ്യ സർവകലാശാല ആഗ്രഹിക്കുന്നതെന്നും ഇതിലേക്ക് ജനങ്ങളെ നയിക്കാൻ യുവ ഡോക്ടർമാർക്ക് കഴിയട്ടെ എന്നും ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ പറഞ്ഞു.
ശ്രീ ഉത്രാടം തിരുനാൾ അക്കാഡമി ഒാഫ് മെഡിക്കൽ സയൻസസിന്റെ 10-ാമത് ബിരുദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ കൊവിഡ് മഹാമാരിയെ അവഗണിച്ച് ആതുരശുശ്രൂഷാ രംഗത്ത് പുതിയ കാൽവയ്പ് നടത്തിയ വിദ്യാർത്ഥികളെ അദ്ദേഹം അഭിനന്ദിച്ചു.
ബിരുദദാനചടങ്ങിൽ പങ്കെടുത്ത 87 പേരും കൊവിഡ് മഹമാരി സമയത്ത് അവസാന വർഷ വിദ്യാർത്ഥികളായിരുന്നു. രാജ്യം മുഴുവൻ ലോക്ക്ഡൌണിലായപ്പോൾ ഗവർണറോട് പ്രത്യേക അനുമതി വാങ്ങി ആരോഗ്യ സവകലാശാല അവസാന വർഷ വിദ്യാർത്ഥികൾക്ക് ക്ളാസുകളും പ്രാക്ടിക്കലും നടത്തി. ഓൺലൈൻ ക്ളാസുകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളായ നിങ്ങൾ രോഗത്തോടും പരീക്ഷയോടും ഒരുപോലെ പോരാടി. സിലബസിലില്ലാത്ത മഹാമാരിയോട് യുദ്ധം ചെയ്തു. രണ്ടിലും അവർ വിജയിച്ചു. യഥാർത്ഥ ഹീറോകളാണിവർ. ഈ നേട്ടത്തിന് കോളേജ് പ്രിൻസിപ്പൽ, യൂണിവേഴ്സിറ്റി, മാനേജ്മെന്റ് , ഫാക്കൽട്ടി എല്ലാവരും അഭിനന്ദനം അർഹിക്കുന്നു. രാജ്യത്തിന്റെ പ്രതീക്ഷ യുവ ഡോക്ടമാരിലാണെന്നും അത് നിറവേറ്റാൻ ഓരോ ബിരുദധാരികളും ബാദ്ധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ നടന്ന പത്താമത് ഗ്രാജുവേഷൻ ചടങ്ങിൽ 87 വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എസ് ഡബ്ല്യു സി അംഗം ഡോ. ജോൺ സി. പണിക്കർ വിശിഷ്ടാതിഥിയായിരുന്നു.
വെല്ലുവിളികൾ അഭിമുഖീകരിക്കാൻ സർവേശ്വരൻ നിങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ഡോ. ജോൺ സി. പണിക്കർ പറഞ്ഞു.
ശ്രീ ഉത്രാടം തിരുനാൾ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ്. വിജയാനന്ദ്, കോളേജ് പ്രിൻസിപ്പൽ ഡോ. K. സലിൽകുമാർ, കോളേജ് സ്ഥാപക ചാൻസലരും മുഖ്യ രക്ഷാധികാരിയായ ഡോ. എ.സി. ഷൺമുഖം, രക്ഷാധികാരിയും SUTAMS പ്രസിഡന്റുമായ എ.സി.എസ് അരുൺകുമാർ, സെക്രട്ടറി രവികുമാർ, ജയപാലൻ, ഡോ. നവീൻ, മെഡിക്കൽ സൂപ്രണ്ട് രാജപ്രദീപ്, തുടങ്ങിയവർ സംസാരിച്ചു.