ദില്ലി: റോഡ് തടസ്സപ്പെടുത്തി സമരം ചെയ്ത കേസില്‍ ജിഗ്നേഷ് മേവാനിക്ക് തടവുശിക്ഷ. ജിഗ്നേഷ് മേവാനിക്കും 18 പേർക്കും ആറുമാസം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 2016 ല്‍ ഗുജറാത്ത് സർവകലാശാലയിൽ നിർമ്മിക്കുന്ന നിയമവിഭാഗത്തിലെ കെട്ടിടത്തിന് അംബ്ദേകറുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരമാണ് കേസിന് ആധാരം. റോഡ് തടസ്സപ്പെടുത്തി സമരം ചെയ്തതിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മേവാനി. മോദി ഭരണകൂടത്തെ ശക്തമായി വിമർശിച്ചിരുന്ന മേവാനി, ദളിത് അധികാർ മഞ്ച് എന്ന പേരിലുള്ള രാഷ്ട്രീയ പാർട്ടിയുടെ കൺവീനർ കൂടിയാണ്. മാധ്യമപ്രവർത്തകനായിരുന്ന ജിഗ്നേഷ് മേവാനി, പിന്നീട് അഭിഭാഷകവൃത്തിയിലേക്കും അവിടെ നിന്ന് രാഷ്ട്രീയത്തിലേക്കും തിരിയുകയായിരുന്നു. സ്വതന്ത്ര എം എൽ എ യാണെങ്കിലും പിന്നീട് മേവാനി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ കോൺഗ്രസ് എം പി രാഹുൽ ഗാന്ധിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ജെ എൻ യു വിലെ വിദ്യാർത്ഥിനേതാവായിരുന്ന കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. ഇതേ വാർത്താസമ്മേളനത്തിൽ തന്നെ ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നില്ലെങ്കിലും മേവാനി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.