ദില്ലി: ലാവലിൻ കേസ് ചൊവ്വാഴ്ചത്തെ പട്ടികയിൽ ഉള്‍പ്പെടുത്തി സുപ്രീം കോടതി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കേസ് ലിസ്റ്റ് ചെയ്തത്. ഭരണഘടനാ ബഞ്ചിലെ നടപടികൾ പൂർത്തിയായാലേ കേസ് എടുക്കൂ എന്നറിയിപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കേസ് വീണ്ടും മാറ്റിവയ്ക്കാൻ സാധ്യതയുണ്ട്. നാലാമത്തെ കേസായാണ് രണ്ട് മണിക്കുള്ള പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഭരണഘടനാ ബഞ്ചിലെ നടപടികൾ പൂർത്തിയായാലേ മറ്റു ഹർജികൾ പരിഗണിക്കൂ എന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന്, കക്ഷി ചേർന്ന ടിപി നന്ദകുമാറിന്റെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരുന്നത്.
പിണാറായി വിജയന്, മുന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീം കോടതിയിൽ എത്തിയത്. നേരത്തെ കേസ് പരിഗണിച്ച കോടതി കെ ജി രാജശേഖരന് നായര്‍, മുന്‍ ബോര്‍ഡ് ചെയര്മാന് ആര്. ശിവദാസന്‍, ജനറേഷന് വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജികളിൽ നോട്ടീസ് അയച്ചിരുന്നു.