ചെന്നൈ: പ്രണയബന്ധത്തിനു തടസം നിന്നതിനു യുവതി, ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊന്നു കത്തിച്ചു. തമിഴ്‌നാട് ധര്‍മപുരിയിലാണു സംഭവം.
പാതി കത്തിയ നിലയില്‍ ശ്മശാനത്തില്‍ കണ്ടെത്തിയ മൃതദേഹത്തെ കുറിച്ചുള്ള അന്വേഷണമാണു കൊടുംക്രൂരത പുറത്തു കൊണ്ടുവന്നത്.
പൊന്നാഗരം സോംപെട്ടിയിലെ മണി (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു മണിയുടെ ഭാര്യ ഹംസവല്ലി (26), കാമുകന്‍ സന്തോഷ്, ഇയാളുടെ സുഹൃത്ത് ലോകേഷ് എന്നിവര്‍ അറസ്റ്റിലായി.
ധര്‍മപുരി നരസിപൂരിലെ ശ്മശാനത്തില്‍ പാതി കത്തിയ നിലയില്‍ രണ്ടാഴ്ച മുന്‍പാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. എന്നാല്‍, പാന്റിന്റെ പോക്കറ്റില്‍ കത്തിപോകാത്ത നിലയില്‍ ആധാര്‍ കാര്‍ഡ് പോലീസിനു കിട്ടി. തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ മണിയെ തിരിച്ചറിഞ്ഞു. വീട്ടിലെത്തിയ പോലീസുകാരോടു ഒരാഴ്ചയായി മണിയെ കാണാനില്ലെന്നായിരുന്നു ഭാര്യയുടെ മറുപടി.
മണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നറിയിച്ചപ്പോള്‍ കരഞ്ഞെങ്കിലും ഇവര്‍ക്കു കാര്യമായ ഭാവവിത്യാസമുണ്ടായില്ല. തുടര്‍ന്നു രഹസ്യമായി നിരീക്ഷിച്ചപ്പോള്‍ ഹംസവല്ലി സാധാരണ ജീവിതം നയിക്കുന്നതായി പോലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകം വെളിച്ചത്തായത്.
മൂന്നുകൊല്ലം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഡ്രൈവറായി ജോലി ചെയ്യുന്ന മണി ആഴ്ചയില്‍ ഒരുദിവസമാണു വീട്ടിലെത്തിയിരുന്നത്. ദമ്പതികള്‍ക്ക് രണ്ടു വയസ് പ്രായമുള്ള കുട്ടിയുണ്ട്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ഹംസവല്ലി കോളജ് പഠനകാലത്തെ കാമുകന്‍ സന്തോഷുമായി ഇതിനിടയ്ക്കു ബന്ധം സ്ഥാപിച്ചു. ഫോണ്‍ വിളികള്‍ പിരിയാന്‍ വയ്യാത്ത ഘട്ടത്തിലെത്തിയപ്പോഴാണു മണി ഇക്കാര്യം അറിയുന്നത്. ഇതിനെ ചൊല്ലിയുള്ള വഴക്കിനൊടുവില്‍ മണി ഭാര്യയെ തല്ലുകയും ചെയ്തു. ഇക്കാര്യം കാമുകനെ അറിയച്ച ഹംസവല്ലി മണിയുടെ ശല്യം ഒഴിവാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
സുഹൃത്ത് ലോകേഷുമായെത്തിയ സന്തോഷ് വീട്ടില്‍ വച്ചു മണിയെ അടിച്ചു കൊന്നശേഷം നരസിപുരയിലെ ശ്മശാനത്തില്‍ കൊണ്ടുപോയി പെട്രോള്‍ ഒഴിച്ചു മൃതദേഹം കത്തിച്ചു. പൂര്‍ണമായി കത്തിച്ചാരമാകുന്നതിനു മുന്‍പ് ഇരുവരും സ്ഥലം വിട്ടതാണു കൊലപാതകം തെളിയിക്കുന്നതിലേക്ക് എത്തിയത്. അറസ്റ്റ് ചെയ്ത മൂവരെയും കോടതി പിന്നീട് റിമാന്‍ഡ് ചെയ്തു.