ദുബൈ: ഗൾഫ് രാജ്യങ്ങൾ കൂടുതൽ എണ്ണയിതര വരുമാന മേഖലകൾ കണ്ടെത്തണമെന്ന് പ്രമുഖ അന്താരാഷ്ട്ര റേറ്റിങ് സ്ഥാപനമായ മൂഡീസ്. രണ്ട് വര്‍ഷത്തിനകം എണ്ണ വില ബാരലിന് 50 മുതൽ 70 ഡോളര്‍ വരെയായി കുറയാൻ സാധ്യതയുണ്ടെന്ന് മൂഡീസ് ചൂണ്ടിക്കാട്ടി. എന്നാൽ അടുത്ത രണ്ട് വര്‍ഷങ്ങൾ കൊണ്ട് ഗൾഫ് രാജ്യങ്ങൾ സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും മൂഡീസ് വ്യക്തമാക്കി
2016ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തോതിലേക്ക് ഗൾഫ് രാജ്യങ്ങളുടെ എണ്ണ ഉല്പാദനം ഈ വര്‍ഷം എത്തുമെന്നാണ് മൂഡീസിന്റെ കണക്ക് കൂട്ടല്‍. ഇത് ഗൾഫ് രാജ്യങ്ങളിൽ വലിയ സാമ്പത്തിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കും. അടുത്ത മൂന്നു വര്‍ഷം യുഎഇയും സൗദി അറേബ്യയും ഏഴു ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാൻ സാധ്യതയുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ജിഡിപിയുടെ എട്ടുശതമാനം അധികവരുമാനം ലഭിക്കുമെന്നാണ് മൂഡീസിന്റെ വിലയിരുത്തൽ.
യുഎഇ, സൗദി,ഖത്തര്‍, ഒമാൻ എന്നീ രാജ്യങ്ങളായിരിക്കും ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ. എന്നാൽ 2024ൽ എണ്ണവില അമ്പത് ഡോളര്‍ വരെ താഴാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഗൾഫ് രാജ്യങ്ങൾ മറ്റ് വരുമാനമേഖലകൾ കണ്ടെത്തണമെന്ന് മൂഡീസ് ശുപാര്‍ശ ചെയ്യുന്നത്.