സാമ്പത്തിക മാന്ദ്യത്തിനും മറ്റ് ആഗോള രാഷ്ട്രീയ ആശങ്കകൾക്കുമിടയിൽ ഏകദേശം 55 ശതമാനം കംപനികളും അടുത്ത മൂന്ന് മാസത്തിനുള്ളിൽ പുതിയ നിയമനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സർവേ റിപോർട്. 2022 ഒക്‌ടോബർ-ഡിസംബർ മാസങ്ങളിൽ തൊഴിൽ വിപണിയുടെ നില ശക്തമാണ് എന്ന് മാൻപവർഗ്രൂപ്പിന്റെ ചൊവ്വാഴ്ച പുറത്തിറക്കിയ എംപ്ലോയ്‌മെന്റ് ഔട് ലുക് സർവേ പറയുന്നു. 41 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി പൊതു-സ്വകാര്യ മേഖലയിലെ 40,600 തൊഴിലുടമകളിൽ നിന്നാണ് സർവേ നടത്തിയത്.
ഇൻഡ്യയിലെ 64 ശതമാനം കംപനികളും തങ്ങളുടെ തൊഴിൽ ശക്തി വർധിപ്പിക്കുമെന്ന് സർവേ പറയുന്നു. അതേസമയം, 10 ശതമാനം പേർ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. തൊഴിൽ ശക്തിയിൽ മാറ്റങ്ങളൊന്നും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് 24 ശതമാനം പേർ പറഞ്ഞു. റിക്രൂട്മെന്റുകളുടെ എണ്ണത്തിൽ ഇൻഡ്യ ബ്രസീലിന് പിന്നിൽ രണ്ടാമതാണ്. ബ്രസീലിലെ 56 ശതമാനം തൊഴിലുടമകളും പുതിയ നിയമനങ്ങളെക്കുറിച്ച് സംസാരിച്ചു.
കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ നിയമനങ്ങളുടെ കാര്യത്തിൽ 10 ശതമാനം പുരോഗതി ഉണ്ടായതായി സർവേ പറയുന്നു. മുൻ പാദത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം പുരോഗതിയുണ്ട്. ഇൻഡ്യയ്ക്ക് ശക്തമായ അടിത്തറയുണ്ടെന്ന് മാൻപവർ ഗ്രൂപ് ഇൻഡ്യ മാനജിംഗ് ഡയറക്ടർ സന്ദീപ് ഗുലാത്തി പറഞ്ഞു.
ഹ്രസ്വകാല ആഘാതങ്ങൾക്കിടയിലും, വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ, അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപം വർധിപ്പിച്ചത്, കയറ്റുമതി വർധിപ്പിക്കൽ എന്നിവ ആഘാതങ്ങൾ കുറയ്ക്കാൻ ഇടയാക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്