ഭോപ്പാല്‍ ആസ്ഥാനമായുള്ള ഒരു എന്‍.ജി.ഒ, വിവാഹമോചനം നേടിയ 18 പുരുഷന്മാര്‍ക്കായി ഒരു ചടങ്ങ് സംഘടിപ്പിക്കുന്നു. നീണ്ട കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ വിവാഹമോചിതരായ 18 പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള ഈ ആഘോഷ ചടങ്ങിന്റെ ക്ഷണക്കത്ത് വൈറലാകുന്നു. ഒരു ദിവസം മുതല്‍ 30 വര്‍ഷം വരെ വിവാഹജീവിതം നയിച്ച് വിവാഹമോചനം നേടിയവര്‍ ഈ കൂട്ടത്തിലുണ്ട്.
വിവാഹമോചനത്തിന് ശേഷം ജീവിതം അവസാനിച്ചിട്ടില്ലെന്നും മികച്ച രീതിയില്‍ ജീവിതയാത്ര തുടരാമെന്നും ആളുകളെ പ്രേരിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ പാര്‍ട്ടി. സാംപത്തികം, സാമൂഹികം, കുടുംബം, മാനസികം എന്നിങ്ങനെ പല മേഖലകളിലും പോരാടി ഒരാള്‍ക്ക് ഈ ‘സ്വാതന്ത്ര്യം’ ലഭിച്ചപ്പോൾ അത് ആഘോഷിക്കേണ്ടതുണ്ടെന്ന് സംഘാടകര്‍ വാദിക്കുന്നു. വിവാഹമോചനക്കേസുകളില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന പുരുഷന്മാര്‍ക്കായി ഹെല്‍പ്പ് ലൈന്‍ നടത്തുന്ന ‘ഭായ് വെല്‍ഫെയര്‍ സൊസൈറ്റി’ എന്ന എന്‍ജിഒയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സാമൂഹികവും പണപരവും ചിലപ്പോഴൊക്കെ മാനസികവുമായ ആഘാതങ്ങള്‍ പോലുള്ള വിവിധ പ്രശ്നങ്ങളില്‍ നിന്നും കരകയറിയ മനുഷ്യന്‍ അവന്റെ സ്വാതന്ത്ര്യവും സമാധാനവും ആഘോഷിക്കണമെന്നാണ് സംഘാടകര്‍ പറയുന്നത്. ഇതിന് വേണ്ടിയാണ്, ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. അവരെയെല്ലാം സമ്മര്‍ദ്ദരഹിതരാക്കുകയും കൂടുതല്‍ തീക്ഷ്ണതയോടെയും ഉത്സാഹത്തോടെയും ജീവിതം നയിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് സംഘാടക സമിതി അംഗം സാക്കി അഹമ്മദ് പറയുന്നു.
ചില സമയങ്ങളില്‍ നീണ്ട നിയമപോരാട്ടങ്ങള്‍ ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുന്നു. അത്തരമൊരു ചടങ്ങ് പുതുതായി ആരംഭിക്കാനുള്ള അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു.
അതേസമയം, ക്ഷണക്കത്ത് വൈറലായതോടെ വിഷയത്തില്‍ പ്രതികരിക്കാന്‍ വനിതാ കമ്മീഷനെ മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍, എന്തെങ്കിലും പ്രസ്താവന നടത്തുന്നതിന് മുമ്പ് വിഷയം ചര്‍ച്ച ചെയ്യട്ടെ എന്നായിരുന്നു പാനല്‍ അംഗങ്ങള്‍ പറഞ്ഞത്.