തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ നിലപാട് കടുപ്പിച്ച് ലത്തീന്‍ അതിരൂപത. ഇതുമായി ബന്ധപ്പെട്ട് അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു. ബഹുജന സമരത്തിന് വിവിധ സംഘടനകളേയും ജനങ്ങളേയും പങ്കാളികളാക്കണം. നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് ഉറപ്പുകളൊന്നും ലഭിക്കുന്നില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ഒരു മാസത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമരം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനം ലത്തീന്‍ അതിരൂപത എടുത്തിരിക്കുന്നത്. ഇന്ന് കുര്‍ബാനയ്ക്കിടയില്‍ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ വായിക്കുകയും ചെയ്തു. സമരം കടുപ്പിച്ച് മുമ്പോട്ട് കൊണ്ടു പോകാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം.
സംസ്ഥാന വ്യാപകമായി സമരം നടത്താനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നു. ഇതിന്റെ ഭാഗമായി മൂലമ്പള്ളിയില്‍ നിന്ന് ബുധനാഴ്ച വാഹനജാഥ നടക്കുന്നുണ്ട്. ഞായറാഴ്ച ജാഥ തിരുവനന്തപുരത്തെത്തും. ഇതില്‍ എല്ലാ ഇടവകകളില്‍ നിന്നുമുള്ള ആളുകളും പങ്കെടുക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.