കഴിഞ്ഞ ദിവസം ബാലു മഹേന്ദ്രയുടെ യാത്ര
എന്ന സിനിമ കണ്ട് കൊണ്ടിരിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഉണ്ണികൃഷ്ണൻ ശോഭനയുടെ തുളസിക്ക് എഴുതുന്ന കത്താണ്.
“ആ മരച്ചുവട്ടിൽ കൃഷ്ണശിലയുടെ മുന്നിൽ ഒരു വിളക്കു കൊളുത്തി വയ്ക്കണം..”
ഒരു പക്ഷേ പ്രണയം ഏറ്റവും തീവ്രമായി പകുത്തുവെക്കപ്പെട്ട മലയാള സിനിമാ ക്ലൈമാക്സ് യാത്രയിലേതായിരിക്കണം. എന്നത്തേയും പോലെ പ്രണയത്താലുലഞ്ഞു പോയ എന്റെ മനസ്സിലേക്ക് യാദൃശ്ചികതയുടെ മറ്റൊരു വിസ്മയം ഒരു തൂവൽ പോലെ ഊർന്നു വീണു.
പ്രണയത്തിന്റെ ലോലഭാവങ്ങളെ പോലെ ഉണ്ണികൃഷ്ണനെന്ന പേരു പോലും മോഹൻലാലിന് തീറെഴുതിക്കൊടുത്തതെന്ന് തോന്നിയിരുന്ന ഒരു കാലഘട്ടത്തിൽ അതിന്റെ ഏറ്റവും ഉദാത്തമായ ശബ്ദ രൂപങ്ങളിലൊന്നിന്, ഭാവരൂപങ്ങളിലൊന്നിന് അയാളുടെ പേരായിരുന്നു കൂടുതൽ യോജിക്കുക; മമ്മൂട്ടിയുടെ പേര്!
യാദൃശ്ചികമെന്ന് എഴുതിത്തള്ളാനാവാത്ത വിധം വൈവിധ്യപൂർണ്ണവും, ഉയിരുപൊള്ളിക്കും വിധം തീവ്രവുമായിരുന്നു മമ്മൂട്ടി തിരശ്ശീലയിൽ പകർത്തിയ പ്രണയ നിമിഷങ്ങളൊക്കെയും. എൺപതുകളുടെ മധ്യം തൊട്ട് തൊണ്ണൂറുകളുടെ പകുതി വരെ ലാസ്യതയുടെ ആൺരൂപമെന്ന ഏകധ്രുവം മലയാളി പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം മോഹൻലാൽ ആയിരുന്നുവെന്ന കാര്യം കൂടി പരിഗണിക്കുമ്പോൾ അത്രമേൽ അണ്ടർറേറ്റഡായി പോയ മമ്മൂട്ടിയുടെ ഓൺസ്ക്രീൻ പ്രണയ ഭാവങ്ങൾ ഓർത്തെടുക്കാതെ വയ്യ.
അതിലേറ്റവും മൃദുലമായ, മമ്മൂട്ടിയുടേത് പോലൊരു സ്ക്രീൻ ഇമേജിൽ നിന്നും പ്രതീക്ഷിക്കാനാവാത്ത വിധത്തിലുള്ള പ്രണയമായിരുന്നു മതിലുകളിലേത്. ഒരു പൂവിതൾ വിടർന്ന് വരുന്നത് പോലെ അയാൾ ആ സിനിമയിലൊരു പുഞ്ചിരിയ്ക്ക് ചിന്തേരിടുന്നുണ്ട്; പ്രണയത്തിന്റെ ഏഴഴകാണാ ചിരി. അതിലോലമായ വാക്കുകളാൽ മതിലിനുമപ്പുറം നിന്ന്, ഒരിക്കലും കാണാത്ത നാരായണിയുമായി പങ്കുവെക്കുമ്പോൾ ആ വാക്കുകളേക്കാള്‍ വിടരുന്ന ആ ചിരിക്ക് അയാളുടെ പ്രണയം നമ്മോട് സംവദിക്കാനാകുന്നു.
നാരായണി : ഈ കായ വറുത്തത് എല്ലാവർക്കും ഒരോ കഷ്ണം കൊടുക്കട്ടെ?
ബഷീർ : എല്ലാവർക്കും കൊടുക്ക്. നാരായണിയുടേയും എന്റേയും പേരിൽ.
നാരായണി : എന്നെ.. എന്നെ മാത്രം സ്നേഹിക്കുമോ??
ബഷീർ : എന്താ നാരായണി ഇത്ര സംശയം..??
നാരായണി : ഇവിടെ എന്നെക്കാൾ സുന്ദരിമാരുണ്ട്. ഞാൻ വല്യ സുന്ദരിയൊന്നുമല്ല.
ബഷീർ : ഞാനും വല്യ സുന്ദരനൊന്നുമല്ല!!
ഹാ..! എന്ത് സുന്ദരമായാണ് മമ്മൂട്ടിയുടെയും KPAC ലളിതയുടെയും ശബ്ദം പ്രണയത്തിന്റെ അനന്തതയിലേക്ക് നമ്മളെയുയർത്തുന്നത്. ശബ്ദത്തിനാൽ പ്രണയിക്കാനും, പ്രണയിപ്പിക്കാനും അയാൾക്കൊരു പ്രത്യേക സിദ്ധിതന്നെയുണ്ടെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രമാണ് ബഷീർ.
മുത്തശ്ശിക്കഥകളിലെ രാജകുമാരന്റെയും, രാജകുമാരിയുടെയും കാൽപ്പനികമായ പ്രണയ ഭാവങ്ങളാണ് ഫാസിലിന്റെ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികളി’ലെ ഡോക്ടർ വിനയനും (മമ്മൂട്ടി), നീനയ്ക്കുമുള്ളത് (സുഹാസിനി).
“നീന, എനിക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന പെൺകുട്ടി നീന തന്നെയായാൽ കൊള്ളാമെന്നുണ്ട്..”
പ്രണയം ഏറ്റവും ലളിതമായി പറഞ്ഞു പോകുന്ന മമ്മൂട്ടി ശൈലിയുടെ ഏറ്റവും പ്രകടമായ പ്രയോഗങ്ങളിലൊന്നായിരുന്നു ഈ ചിത്രവും കഥാപാത്രവും. പി.ജി.വിശ്വംഭരന്റെ പിൻനിലാവിൽ “മാനേ മധുരക്കരിമ്പേ..” എന്നുപാടി നായികയ്ക്ക് ചുറ്റും തുള്ളിക്കളിയ്ക്കുന്ന അതേ മമ്മൂട്ടിയാണ് “നെറ്റിയിൽ പൂവുള്ള സ്വർണ്ണച്ചിറകുള്ള..” ഒരു പക്ഷിയുടെ പാട്ടുകേട്ട് പ്രണയാർദ്രനാവുന്നത് എന്നതിനെ ശരീരഭാഷയുടെ ഏറ്റവും മികവാർന്ന ട്രാൻസിഷനുകളിലൊന്നായേ കാണാനാവൂ.
ഒരു വടക്കൻ വീരഗാഥയെ കുറിച്ച് മമ്മൂട്ടി തന്നെ ഒരിക്കൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്:
“ആ സിനിമയ്ക്ക് ശരിക്കും ‘ഒരു വടക്കൻ പ്രണയഗാഥ’ എന്ന പേര് പോലും യോജിക്കുമായിരുന്നു. കാരണം ആത്യന്തികമായി അത് ചന്തുവിന്റെ പ്രണയകഥ കൂടിയാണ്..!!”
ശരിയാണ്. ഒരു വടക്കൻ വീരഗാഥ തിരസ്കൃത പ്രണയത്തിന്റെ ചവർപ്പ് കൂടി പേറുന്നുണ്ട്. അക്കാലമത്രയും സ്ത്രീകളെ പ്രണയിച്ചു വഞ്ചിക്കുന്ന പുരുഷന്മാരുടെ ഇടയിലേക്കാണ് എല്ലാ സ്ത്രീകളാലും വഞ്ചിതനാവുന്ന ഒരു പുരുഷന്റെ കഥ അഥവാ പലവട്ടം വഞ്ചിക്കപ്പെട്ട കാമുകന്റെ കഥയായി ചന്തുവിന്റെ കഥ മാറുന്നത്.
അയാളുടെ പരാക്രമമോ ധൈര്യമോ ഒന്നും തന്നെ പ്രണയ സാഫല്യത്തിന് കൂട്ടാകുന്നില്ല. ഒടുവിലാണ് ചന്തു പറയുന്നത്, “നീയടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും കാണാത്തത് കാണും. നിങ്ങള്‍ ശപിച്ചുകൊണ്ട് കൊഞ്ചും.. ചിരിച്ചുകൊണ്ട് കരയും.. മോഹിച്ചുകൊണ്ട് വെറുക്കും..” എന്ന്.
ഓർമ്മ വലം വെച്ചു വരുന്ന മറ്റൊരു പ്രണയദാരു അഴകിയ രാവണനിലെ ശങ്കർദാസാണ്. മമ്മൂട്ടിക്ക് മാത്രം സാധ്യമായ മറ്റൊരു ഭാവമാരിയായിരുന്നു ഈ ചിത്രത്തിലേത്. അഴകിയ രാവണന്റെ ക്ലൈമാക്സ് രംഗമാണ്, ചാത്തോത്ത് തറവാടിന്റെ പൂമുഖത്തേക്ക് കയറി വരികയാണ് ശങ്കർദാസ്.
അനുരാധയെ കാണാൻ വേണ്ടി അകത്തേക്ക് കയറുന്ന അയാളെ അവളുടെ അച്ഛൻ പിന്നിൽ നിന്ന് വിളിക്കുന്നു “കുട്ടിശങ്കരാ..”. ഒന്ന് നിന്ന് പിന്നിലേക്ക് തിരിഞ്ഞ് മമ്മൂട്ടി അയാളുടെ ഏറ്റവും പ്രകടമായ സിഗ്നേച്ചർ ഭാവങ്ങളിലൊന്നോടെ അത്രമേലലിവോടെ അയാളെ നോക്കുന്നു. ഇടർച്ചയോടെ ശങ്കർദാസിന്റെ, കുട്ടിശങ്കരന്റെ പ്രണയം പെയ്യാൻ തുടങ്ങുന്നു,
“പണ്ട് ഈ മുറ്റത്തു നിന്ന് ചോദിക്കാതെ ഒരു കണ്ണിമാങ്ങ പോലും കുട്ടിശങ്കരനെടുത്തിട്ടില്ല. പക്ഷേ ഇത്.. ചോദിക്കാതെ.. പറയാതെ.. മോഹിച്ചു പോയതാണ്.. എനിക്കവളെ വേണം..”
അകത്ത് അനുരാധ തിരിമുറിയാതെ പെയ്യുന്നുണ്ട്. പക്ഷേ കാറ്റടിക്കുന്നതും, നെഞ്ചു നനയുന്നതും നമുക്കാണ്. അയാളിലെ പ്രണയം സകലതിനെയും കടപുഴക്കുന്ന കാറ്റാവുകയാണ് പിന്നീടങ്ങോട്ട്.
“ഞാൻ കാട്ടിക്കൂട്ടിയ ഒരുപാട് അബദ്ധങ്ങളുടെ ഫലമാണ് നിനക്ക് സംഭവിച്ചു പോയ ഒരബദ്ധം. അത് തുറന്ന് പറയാനുള്ള മനസ്സ് നിനക്കുണ്ടായി. ആ മനസ്സ് കാണാതെ ഞാൻ പോയാൽ ഇത്രയും കാലം കുട്ടിശങ്കരൻ നിന്നെ സ്നേഹിച്ചതിന് എന്താണർത്ഥം!? നിനക്കൊന്നും സംഭവിച്ചിട്ടില്ല. എല്ലാ പരിശുദ്ധിയോടെയും കൂടി നീയെന്റെ മനസ്സിലുണ്ട്. എനിക്കത് മതി..”
വാർപ്പു മാതൃകകളുടെ ആൺ വേരുകളറുക്കുന്ന കാറ്റിൽ നാം പെയ്തമരുകയാണവിടെ. ശ്രീനിവാസൻ തന്നെ തിരക്കഥയെഴുതിയ മഴയെത്തും മുൻപെയും മമ്മൂട്ടിയിലെ പ്രണയഭാവങ്ങളുടെ മറ്റൊരു ഭൂമിക കണ്ടെത്താൻ ശ്രമിച്ച ചിത്രമാണ്. ജീവിതത്തിനും, പ്രണയത്തിനുമിടയിൽ ഉരുകിത്തീരുന്ന നന്ദകുമാർ അയാളുടെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രങ്ങളിൽ ഒന്നാവണം.
‘എന്തിന് വേറൊരു സൂര്യോദയ’ത്തിന്റെ തുടക്കത്തിൽ, വേച്ചു പോകുന്ന ശോഭനയെ കൈയ്ക്കൊപ്പം പ്രണയാർദ്രമായ ഒരു നോട്ടം കൊണ്ടുകൂടി താങ്ങുന്ന മമ്മൂട്ടിയെ കാണാം. അയാളിലെ കരുതൽ തൊങ്ങൽ ചാർത്തുന്ന കാമുകന്റെ ഏറ്റവും തിളക്കമാർന്ന എക്സിബിഷനാണ് ആ നിമിഷാർദ്ധനേരം.
മമ്മൂട്ടി-ലോഹി ടീമിന്റെ ചിത്രങ്ങളിലേറ്റവും അണ്ടർ റേറ്റഡെന്ന് നിസ്സംശയം വിലയിരുത്താവുന്ന ഉദ്യാനപാലകനിലും അയാളുടെ പ്രണയഭാവങ്ങൾ അഭൗമമായ സുഗന്ധം പരത്തിനിൽക്കുന്നുണ്ട്. ഉദ്യാനപാലകന്‍ പുരുഷന്റെ ഏകാന്തതയുടെ കഥയാണ്; സാന്ദ്രമായ പുരുഷ പ്രണയത്തിന്റെയും. ഒറ്റപ്പെടലിന്റെ ശോകം വയലിന്‍ നോട്ടുകള്‍ പോലെ ഈ സിനിമയില്‍ മമ്മൂട്ടിയും ലോഹിതദാസും അനുഭവവേദ്യമാക്കിയെന്ന് കല്‍പ്പറ്റ നാരായണന്‍ ഒരിടത്ത് നിരീക്ഷിക്കുന്നുണ്ട്.
കയ്യൊപ്പാണ് മമ്മൂട്ടിയിലെ പ്രണയത്തിന്റെ മറ്റൊരു ഷേഡ് കാണിച്ചു തന്ന വേറൊരു സിനിമ. ഫോൺ പ്രണയ വഴികളിലൊന്നാവുന്ന അപൂർവ്വം മമ്മൂട്ടി ചിത്രങ്ങളിലൊന്നാണിത്. അവരുടെ പരസ്പരമുള്ള ഫോൺ വിളികളിൽ പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളു. “പ്രണയമായിരുന്നോ അവരോട്??” എന്ന ചോദ്യം ബാലചന്ദ്രനോട് ചോദിക്കുമ്പോ അയാൾ ആദ്യം ഒന്ന് ചിന്തിച്ചു പിന്നെ പറയുന്നുണ്ട് “പ്രണയം.. ഇഷ്ടമായിരുന്നു.. അടുത്ത സൗഹൃദം..”
അയാളെഴുതുന്ന ചില വരികളുണ്ട്.
“നമ്മൾ ബലിമൃഗങ്ങൾക്ക് അവർ
അവസാന അത്താഴം വിളമ്പുന്നു..
രാവ് മായുമ്പോൾ
കൊലക്കത്തിയുടെ മൂർച്ചയിൽ സൂര്യതാപം
ജ്വലിക്കുമ്പോൾ
പിടഞ്ഞു ചാവാൻ നമ്മളുണ്ടാവരുത്..
എന്റെ പ്രണയമേ,
നമുക്കീ ഇരുൾമറയിൽ
പരസ്പരം കൊമ്പു കുത്തി ചാവാം..”
പ്രണയവും, കവിതയും മമ്മൂട്ടിയായി മാറുന്ന വിചിത്രമായ നിമിഷമാണത്. ഒരു പാട്ടപ്പോൾ കേൾക്കാം, ‘ജൽതേ ഹെ ജിസ് കേ ലിയേ..’ പ്രണയം ചുവന്ന് തുടുത്തൊരു വട്ടപ്പൊട്ടായി മാറുമപ്പോൾ..!!
കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനിലെ ക്യാപ്റ്റൻ ബാലയെ കുറിച്ചു പറയാതെ മമ്മൂട്ടിയുടെ പ്രണയപ്പകർച്ചകളെ പറഞ്ഞ് അവസാനിപ്പിക്കുന്നതെങ്ങനെ!? മലയാളത്തിന്റെ അഭിമാനമായി നിൽക്കുമ്പോഴും അയാളുടെ കരിയറിലെ ഏറ്റവും തീവ്രമായ പ്രണയ നിമിഷമായി തിളങ്ങി നിൽക്കുന്നത് ഇപ്പോഴും ഈ സിനിമയിലേതാണ്. ‘അനുവാദം’ മനസ്സിലാവുന്ന, അതിർത്തികളെ കൃത്യമായി ബഹുമാനിക്കാനറിയാവുന്ന അപൂർവ്വം പ്രണയിതാക്കളിൽ, അപൂർവം പുരുഷന്മാരിലും ഒരാളാണ് ബാല.
ക്ലൈമാക്സിൽ അയാൾ മീനാക്ഷിയുടെ (ഐശ്വര്യാ റായി) പ്രണയം നിരസിച്ച്, യാഥാർത്ഥ്യത്തെ പുൽകി നടന്ന് പോകുന്നുണ്ട്. ഇന്ത്യൻ വാണിജ്യ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഹൃദയസ്പർശിയായ കാൽപ്പനിക രംഗമാണ് അതെന്ന് ഓരോ കാഴ്ചയിലും എനിക്കനുഭവപ്പെടാറുണ്ട്.
സച്ച് ആൻ ആക്ടർ, സച്ച് ആൻ അമേസിംഗ് ആക്ടർ..!!
മലയാളിയുടെ പ്രിയപ്പെട്ട നടന്,കൃഷ്ണശിലയുടെ മുന്നിൽ 71 നിലവിളക്കു കൊളുത്തി നേരുന്നു ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
എഴുത്ത്: ജിതേഷ് മംഗലത്ത്
(കടപ്പാട്)