KeralaNEWS

കെ എസ് ആർ ടി സി യിൽ ഒക്ടോബര്‍ 1 മുതൽ പുതിയ പരിഷ്കാരങ്ങൾ, ജീവനക്കാര്‍ക്ക് എല്ലാ മാസവും 5 ന് മുമ്പ് ശമ്പളം നല്‍കാനുള്ള നടപടി ബോര്‍ഡ് സ്വീകരിക്കാൻ നിർദ്ദേശം ,സര്‍ക്കാര്‍ നല്‍കേണ്ട സഹായം ഒന്നിന് ലഭ്യമാക്കും :മുഖ്യമന്ത്രി

കെ.എസ്.ആര്‍.ടി.സി: സംഘടനകളുമായുള്ള ചര്‍ച്ചയിൽ മുഖ്യമന്ത്രി സംസാരിച്ചതിൽ നിന്നും

2016 ല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സമയത്ത്, കെ.എസ്.ആര്‍.ടി.സി. അതീവ ഗുരുതരമായ പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്നു. യു.ഡി.എഫ്. സര്‍ക്കാരിന്‍റെ നയമാണ് ഈ സ്ഥിതി ഉണ്ടാക്കിയത്. തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. പെന്‍ഷന്‍ മുടങ്ങി. പെന്‍ഷന്‍ ലഭിക്കാത്തതില്‍ നിരാശനായ ഒരു മുന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു.

സ്ഥാപനത്തിന്‍റെ വസ്തുവകകള്‍ പണയപ്പെടുത്തി കടമെടുത്താണ് ഓരോ മാസത്തെയും ആവശ്യങ്ങള്‍ നിറവേറ്റിപ്പോന്നത്. കെ.ടി.ഡി.എഫ്.സി (കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍), ഹഡ്കോ, വിവിധ ജില്ലാ സഹകരണ ബാങ്കുകള്‍, എല്‍.ഐ.സി, പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, തുടങ്ങി കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി. 16 ശതമാനം വരെ പലിശയ്ക്കായിരുന്നു ഈ വായ്പകള്‍ വാങ്ങിയത്. ഈ കടങ്ങള്‍ എല്ലാം കൂടി 3100 കോടി രൂപയിലെത്തി.
പ്രതിദിന വരുമാനത്തില്‍ നിന്ന് തിരിച്ച് പിടിക്കുംവിധം “എസ്ക്രോ” സംവിധാനത്തിലാണ് വായ്പയുടെ കരാര്‍ ഉണ്ടാക്കിയിരുന്നത്.

Signature-ad

ഒരു ദിവസം ശരാശരി 5 കോടി വരുമാനം ലഭിക്കുമ്പോള്‍, മൂന്ന് കോടി രൂപ വായ്പ തിരിച്ചടവിലേക്ക് പോയി. ബാക്കി രണ്ട് കോടി മാത്രമേ ഹെഡ് ഓഫീസില്‍ എത്തിയിരുന്നുള്ളു. ഈ തുക ഡീസല്‍ അടിക്കാനുള്ള ചെലവിന് പോലും തികയുമായിരുന്നില്ല. ശമ്പളം, പെന്‍ഷന്‍. സ്പെയര്‍പാര്‍ട്ട്സ്, ടയര്‍ തൂടങ്ങി എല്ലാറ്റിനും വീണ്ടും കടമെടുക്കേണ്ടി വന്നു. ഒരിടത്ത് നിന്നും കടം ലഭിക്കാത്ത സാഹചര്യം വന്നപ്പോള്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവ മുടങ്ങി. ഓയില്‍ കമ്പനികള്‍ ഡീസല്‍ കടമായി നല്‍കുന്നത് നിര്‍ത്തി.

2016-ല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കെ.എസ്.ആര്‍.ടി.സിയുടെ പരിതാപകരമായ അവസ്ഥ ഇതായിരുന്നു.

പെന്‍ഷന്‍:

1984-ല്‍ ആണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ അനുവദിച്ചത്. രാജ്യത്ത് മറ്റൊരു റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ഇന്നേവരെ നടപ്പാക്കിയിട്ടില്ല. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ കമ്പനികളിലും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിലവിലില്ല. പ്രോവിഡന്‍റ് പെന്‍ഷന്‍ പദ്ധതിയാണ് നിലവിലുള്ളത്. അതാവട്ടെ തുച്ഛമായ തുകയാണ്. തൊഴിലാളികള്‍ അടയ്ക്കുന്ന വിഹിതവും കൂടിചേര്‍ന്നാണ് പി.എഫ് പെന്‍ഷന്‍ പദ്ധതി. അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ പദ്ധതി.

1984-ല്‍ ഒരു വര്‍ഷം പെന്‍ഷന്‍ വിതരണത്തിന് രണ്ട് കോടി രൂപ മതിയായിരുന്നു. 2016 ൽ പെന്‍ഷന്‍ നല്‍കാന്‍ ഒരു ദിവസം 2 കോടി രൂപ വേണം. റവന്യു വരുമാനത്തില്‍ നിന്നും ഈ തുക കണ്ടെത്തുക അസാധ്യമായിരുന്നു. സ്ഥാപനം കടക്കെണിയിലായതോടെ 2013-ല്‍ തുടര്‍ച്ചയായി പെന്‍ഷന്‍ മുടങ്ങി. 2014 ഡിസംബറില്‍ കെ.എസ്.ആര്‍.ടി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) നടത്തിയ അനിശ്ചിതകാല സമരത്തിന്‍റെ ഫലമായി പെന്‍ഷന്‍ ബാദ്ധ്യതയുടെ 50 ശതമാനം (പരമാവധി 20 കോടി രൂപ) സര്‍ക്കാര്‍ നല്‍കുമെന്ന തീരുമാനമുണ്ടായി.

സാമ്പത്തിക പ്രതിസന്ധി മൂലം ബാക്കി തുക കണ്ടെത്താനോ, പെന്‍ഷന്‍ കൃത്യമായി നല്‍കാനോ കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞില്ല. ഇതാണ് യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തെ കെ.എസ്.ആര്‍.ടി.സി.യുടെ അവസ്ഥ. ഇതെല്ലാം വിസ്മരിക്കുകയും, മറച്ചുവെച്ചുമാണ് ചില സംഘടനകള്‍ പ്രചരണം നടത്തുന്നത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍:

2016-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ കെ.എസ്.ആര്‍.ടി.സി.യെ പുനരുദ്ധരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കോര്‍പറേഷന്‍റെ അവസ്ഥ പഠിച്ച് പുനരുദ്ധാരണ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധന്‍ പ്രൊഫ. സുശീല്‍ ഖന്നയെ നിയോഗിച്ചു. ആറ് മാസത്തിനകം ഫ്രൊഫ. സുശീല്‍ ഖന്ന പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളും മാനേജ്മെന്‍റും തൊഴിലാളികളും ചെയ്യേണ്ട കാര്യങ്ങളും അടങ്ങുന്നതായിരുന്നു സുശീല്‍ ഖന്നയുടെ റപ്പോര്‍ട്ട്.

കൂടിയ പലിശയ്ക്ക് എടുത്ത 3100 കോടി രൂപയുടെ വായ്പ പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് കുറഞ്ഞ പലിശയുള്ള ദീര്‍ഘകാല വായ്പയാക്കി മാറ്റി. ഇത് മുലം ഒരു ദിവസത്തെ കടം തിരിച്ചടവ് മൂന്ന് കോടി രുപയില്‍ നിന്ന് ഒരു കോടി രൂപയായി കുറഞ്ഞു.

കോര്‍പറേഷന് ഒരു വര്‍ഷം 730 കോടി രൂപയുടെ ബാദ്ധ്യതയാണ് ഈ ഒറ്റ നടപടിയിലൂടെ കുറഞ്ഞത്.
സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പെന്‍ഷന്‍ വിതരണത്തിന് ബദല്‍ മാര്‍ഗ്ഗം സ്വീകരിച്ചു. ഈ ബാദ്ധ്യത ഇപ്പോള്‍ നിറവേറ്റുന്നത് സര്‍ക്കാരാണ്. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് മുഴുവന്‍ പെന്‍ഷനും സര്‍ക്കാര്‍ നല്‍കുന്നത് കേരള ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ജീവനക്കാരുടെ പെന്‍ഷന്‍ നല്‍കുന്ന സഹകരണ ബാങ്കുകള്‍ക്ക് വായ്പയും പലിശയും ചേര്‍ത്ത് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷം 800 കോടി രൂപയുടെ ബാദ്ധ്യതയാണ് ഈ നടപടിയിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഇനിമേലില്‍ എവിടെ നിന്നും കടം എടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും, ഓരോ മാസത്തെയും വരുമാനവും ചെലവും തമ്മിലുള്ള അന്തരം സാമ്പത്തിക സഹായമായി സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്യുന്നു.

2016-ന് ശേഷം കെ.എസ്.ആര്‍.ടി.സി.ക്ക് സാമ്പത്തിക സഹായമായി 7366.4 കോടി രുപയും, പദ്ധതി വിഹിതമായി 87.38 കോടി രൂപയും ചേര്‍ത്ത് ആകെ 7454.02 കോടി രൂപ സര്‍ക്കാര്‍ നല്‍കി. കെ.എസ്.ആര്‍.ടി.സി.യുടെ ചരിത്രത്തില്‍ ഏറ്റവും വലിയ സാമ്പത്തിക സഹായമാണിത്.

രാജ്യത്തെ മറ്റൊരു സംസ്ഥാന സര്‍ക്കാരും ഈ കാലയളവില്‍ ഇത്രയും സഹായം ഒരു റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനും നല്‍കിയിട്ടില്ല.

അസാധാരണ സാഹചര്യം
കോവിഡ് മഹാമാരിയും ഇന്ധനവിലവര്‍ദ്ധനവും പ്രതിസന്ധി രുക്ഷമാവുന്നതിന് കാരണമായി. മഹാമാരിയുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കുകയും വരുമാനം കുത്തനെ ഇടിയാനിടയാക്കുകയും ചെയ്തു. ഇന്ധനവില കുത്തനെ ഉയര്‍ന്നതോടെ, ചെലവ് ഗണ്യമായി വര്‍ദ്ധിച്ചു. സര്‍ക്കാര്‍ സഹായമുണ്ടായിട്ടും പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാതെ പോയതിന്‍റെ ഒരു കാരണം ഇതാണ്.

ഖന്ന റിപ്പോര്‍ട്ട് പ്രകാരം മാനേജ്മെന്‍റും തൊഴിലാളികളും നടപ്പിലാക്കേണ്ട നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാതെ പോയതും, പ്രതിസന്ധിയുടെ രൂക്ഷത വര്‍ധിക്കാന്‍ ഇടയാക്കി.

സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ പ്രധാന നിർദ്ദേശമിതായിരുന്നു:

മാനേജ്മെന്‍റ് ഉദ്യോഗസ്ഥന്മാരുടെ വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കണം.
കെ.എസ്.ആര്‍.സി.യുടെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതിയാവില്ല. 2016-17 ല്‍ 325 കോടി സര്‍ക്കാര്‍ സഹായം നല്‍കിയിടത്ത് കോവിഡ് സാഹചര്യം കൂടി പരിഗണിച്ച് 2021-22ല്‍ 2076 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കി. എന്നിട്ടും ശമ്പളം പോലും കൃത്യമായി നല്‍കാന്‍ കഴിയാതെ വരുന്നത് കോര്‍പ്പറേഷന്‍റെ കെടുകാര്യസ്ഥതയുടെ ഭാഗം കൂടിയാണ്. ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജീവനക്കാരും, മാനേജ്മെന്‍റ് തലത്തില്‍ ഉദ്യോഗസ്ഥന്മാരും കര്‍ശന നില പാട് സ്വീകരിക്കണം.

കെ. എസ്.ആര്‍.സി. യുടെ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടത്തുന്ന ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ വിജയകരമായി നടപ്പാക്കാന്‍ എല്ലാ ജീവനക്കാരും ആത്മാര്‍ത്ഥമായി ശ്രമിക്കണം.

കെ.എസ്.ആര്‍.ടി.സി.യെ പൊതുമേഖലയില്‍ നിലനിര്‍ത്തുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. അത് വളരെ എളുപ്പമുള്ള കാര്യമല്ല. പൊതുമേഖലയെ തകര്‍ക്കുന്ന ക്രേന്ദ്ര സര്‍ക്കാര്‍ നയത്തോട് ഏറ്റുമുട്ടിയേ ഇത് വിജയിക്കു. ക്രേന്രസര്‍ക്കാര്‍ കൊണ്ടുവന്ന “മോട്ടോര്‍ വാഹന നിയമഭേദഗതി”യും ഡീസല്‍-ഓയില്‍ വിലയില്‍ ഉണ്ടായ വിലക്കയറ്റവും ട്രാന്‍സ്പോര്‍ട്ട് മേഖലയെയാകെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേരളത്തില്‍ അരലക്ഷത്തോളം സ്വകാര്യ ബസുകള്‍ ഓടിയിരുന്നത് പതിനായിരമായി കുറഞ്ഞത് വ്യവസായ പ്രതിസന്ധി മൂലമാണ്. ഒന്നരലക്ഷത്തിലധികം തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.

യൂണിയൻ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ താഴെ പറയുന്ന കാര്യങ്ങളിൽ ധാരണയായി:

സേവനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ദിവസവേതനാടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ പുനരധിവാസം
ആദ്യഘട്ടമെന്ന നിലയ്ക്ക് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റില്‍ പി.എസ്.സി അണ്‍അഡ്വൈസ്ഡ് ലിസ്റ്റില്‍ നിന്നും ഡ്രൈവര്‍മാരെയും കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട താല്‍ക്കാലിക കണ്ടക്ടര്‍മാരെയും ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. മാറ്റി നിര്‍ത്തപ്പെട്ട താല്‍ക്കാലിക ജീവനക്കാരെ സിറ്റി ഓര്‍ഡിനറി സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിന് തിരികെ കൊണ്ടുവരാന്‍ കഴിയും.
താല്‍ക്കാലിക മിനിസ്റ്റീരിയല്‍, മെക്കാനിക്കല്‍ ജീവനക്കാരുടെ പുനരധിവാസം
ഇപ്പോഴുള്ള സ്ഥിരം മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെ പുനര്‍വിന്യസിച്ചശേഷം മുന്‍ താല്‍ക്കാലിക മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെ യാത്രാ ഫ്യുവല്‍സിലും, സ്വിഫ്റ്റ് ഡേ മെയിന്‍റനന്‍സിലും ദിവസവേതനാടിസ്ഥാനത്തിലും നിയമിക്കും.
റിസര്‍വേഷന്‍, കണ്‍സെഷന്‍ എന്നിവ സംയോജിപ്പിച്ച് ഫ്രണ്ട് ഓഫീസ് ഡെസ്ക് ആയി മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ നിയമിക്കും. കൂടാതെ, ടിക്കറ്റ് & ക്യാഷ് വിഭാഗത്തില്‍ ആവശ്യാനുസരണം നിയമിക്കും.

3 . ഓവര്‍ടൈം അലവന്‍സ് അനുവദിക്കുന്നത്
ബാറ്റ, ഇന്‍സന്‍റീവ് എന്നിവ കണക്കുകൂട്ടി കളക്ഷനില്‍ നിന്നും നേരിട്ട് എടുത്തശേഷമാണ് നിലവില്‍ കണ്ടക്ടര്‍മാര്‍ ടിക്കറ്റ് & ക്യാഷ് വിഭാഗത്തില്‍ കളക്ഷന്‍ അടയ്ക്കുന്നത്. വരവും ചെലവും ശരിയായി അക്കൗണ്ട് ചെയ്യുന്നതിന്‍റെ ഭാഗമായി അലവന്‍സ് തുക അതത് ദിവസം തന്നെ കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നല്‍കും. ഇതിനായി എല്ലാ യൂണിറ്റ് അധികാരികളുടെയും പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങും. അലവന്‍സുകളിലെ വിതരണത്തിലെ കൃത്യത പരിശോധിക്കും.
സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കുന്നതിലൂടെ ജീവനക്കാര്‍ക്ക് നല്‍കേണ്ട ഓവര്‍ടൈം അലവന്‍സ് അതത് മാസത്തെ ശമ്പളത്തോടൊപ്പം നല്‍കും.

4. മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ പുനരധിവാസം
ജില്ലാ വര്‍ക്‌ഷോപ്പുകള്‍ അടിസ്ഥാനമാക്കി മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെ പുനര്‍വിന്യസിക്കും. അതത് വര്‍ക് ഷോപ്പുകളിലുള്ള ഡിപ്പോകളിലെ ഡെയ്ലി മെയിന്‍റനന്‍സുകളുടെ ആവശ്യകത പരിശോധിച്ച് ഓരോ മൂന്നു മാസ കാലയളവിലേക്കും ആവശ്യമായ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെ നിശ്ചയിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ജില്ലാ വര്‍ക് ഷോപ്പുകളിൽ നിന്നും ആവശ്യാനുസരണം ഡിപ്പോ, സബ്ഡിപ്പോ ഓപ്പറേറ്റിംഗ് സെന്‍ററുകളിലേക്ക് ഇവരെ നിയോഗിക്കും.
സെന്‍ട്രല്‍ വര്‍ക്സ്, നാല് റീജിയണല്‍ വർക് ഷോപ്പുകൾ എന്നിവ ഫ്‌ളോട്ട്/ അഗ്രിഗേറ്റ് അസംബിൾ ചെയ്യുന്ന പ്രൊഡക്ഷന്‍ യൂണിറ്റുകളായി പ്രവര്‍ത്തിക്കും. ഇവിടെ എഞ്ചിന്‍ ഓവര്‍ ഹോളിംഗ്, ഗിയര്‍ ബോക്സ്/ എഫ്.ഐ പമ്പുകള്‍ തുടങ്ങിയ സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ഫ്‌ളോട്ടുകളുടെ റീകണ്ടീഷനിംഗ്, ഓവര്‍ ഹോളിംഗ് എന്നിവയുടെ പ്രൊഡക്ഷന്‍ യൂണിറ്റായി പ്രവര്‍ത്തിക്കും.
ഓരോ ഡിപ്പോയിലും 10 മുതല്‍ 20 ബസ്സുകളുടെ പരിപാലനത്തിന് മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെയും അവരുടെ സര്‍വ്വീസ് ഓപ്പറേഷന് നിശ്ചിത ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും ഒരു ടീമായി ചുമതലപ്പെടുത്തും.
ഷെഡ്യൂള്‍ ഫൈനലൈസ് ചെയ്യുന്ന മുറയ്ക്ക് ആവശ്യകതയനുസരിച്ച് മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെ പൊതു സ്ഥലംമാറ്റത്തിലൂടെ പുനര്‍വിന്യസിക്കും.

5. ഓപ്പറേറ്റീവ് ജീവനക്കാരുടെ ഇന്‍സന്‍റീവ് ബാറ്റ സമ്പ്രദായം പരിഷ്കരിച്ച് നടപ്പാക്കുന്നത്.
നിലവില്‍ ഓപ്പറേറ്റിംഗ് ജീവനക്കാര്‍ക്ക് നല്‍കിവരുന്ന വിവിധ ബാറ്റകള്‍ ഒരുമിച്ച് ചേര്‍ത്ത് ഏറ്റവും ആകര്‍ഷകമായ ബാറ്റ സമ്പ്രദായം തയ്യാറാക്കിയിട്ടുണ്ട്.
ഓരോ ക്ലാസ് ബസ്സിലും കളക്ഷന്‍ സ്ലാബ് അനുസരിച്ച് ക്രമീകരിക്കും.
ഒരു സ്ലാബില്‍ നിന്നും അടുത്ത സ്ലാബിലേക്ക് മാറുമ്പോള്‍ ഇന്‍സന്‍റീവ് ബാറ്റ മുഴുവന്‍ റവന്യൂവിലും വര്‍ദ്ധിക്കുന്ന തരത്തില്‍ വരുമാനം കൂട്ടുന്നതിന് പ്രേരകമാകുന്ന വിധമാണ് ഇന്‍സന്‍റീവ് ബാറ്റ കണക്കാക്കിയിട്ടുള്ളത്.
പുതിയ ഇന്‍സന്‍റീവ് സ്കീം അഞ്ച് സ്ലാബുകളായി തരം തിരിച്ചാണ് തയ്യാറാക്കിയിട്ടുള്ളത്. സൂപ്പര്‍ ഫാസ്റ്റ് മുതല്‍ മുകളിലോട്ടുള്ള സൂപ്പര്‍ ക്ലാസ് സര്‍വ്വീസുകള്‍ക്ക് റിസര്‍വ്വേഷന്‍ കളക്ഷന്‍ ഒഴികെയുള്ള തുകയുടെ 2 ശതമാനം ഇന്‍സന്‍റീവ് നല്‍കുന്നതാണ്.
സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ 4500 രൂപയ്ക്കു മുകളിലുള്ള കളക്ഷന്‍ തുകയുടെ 2 ശതമാനം ഇന്‍സന്‍റീവ് നല്‍കുന്നതാണ്.
ഇക്കാര്യം സംഘടനകളുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കും.

6. അഡ്വൈസറി ബോര്‍ഡ് രൂപീകരിക്കും
യാത്രക്കാരുടെ ആവശ്യകത മനസ്സിലാക്കി പരാതികള്‍ പരിഹരിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സിയിലുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിനും ഒരു അഡ്വൈസറി ബോര്‍ഡ് രൂപീകരിക്കും. മാനേജ്മെന്‍റ് പ്രതിനിധികളും ജീവനക്കാരുടെ പ്രതിനിധികളും യാത്രക്കാരുടെ പ്രതിനിധികളും, നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ടികളുടെ പ്രതിനിധികളും അഡ്വൈസറി ബോര്‍ഡില്‍ ഉണ്ടാകും.

7. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നത്
കോര്‍പ്പറേഷന്‍ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന ഒരു വിഷയമാണിത്. ബസ്സുകളുടെ സര്‍വ്വീസിന് ഇതില്‍ വ്യക്തമായ ധാരണ ആവശ്യമാണ്. 12 മണിക്കൂര്‍ വരെ ‘സ്പ്രെഡ് ഓവര്‍’ ഉള്‍പ്പെടെയുള്ള സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസുകളില്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കും. ഇപ്രകാരം ഡ്യൂട്ടി നടപ്പിലാക്കുമ്പോള്‍ അത് ആഴ്ചയില്‍ ആറുദിവസത്തേക്കും ബാധകമായിരിക്കും.

8.മൂന്ന് മേഖലകളും ലാഭകേന്ദ്രങ്ങളാക്കുന്നത്
കോര്‍പ്പറേഷനെ മൂന്ന് സോണുകളായി വിഭജിക്കും. സ്വയംഭരണാധികാരമുള്ള ലാഭകേന്ദ്രങ്ങളായി ഓരോ സോണുകളും പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. നിലവിലെ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ഒരു അധികാര വികേന്ദ്രീകരണം ആവശ്യമാണ്. ഇത് മാനേജ്മെന്‍റിന്‍റെ അധികാര പരിധിയിലുള്ള വിഷയവുമാണ്.

9. ട്രേഡ് യൂണിയന്‍ ഭാരവാഹികളായ ജീവനക്കാര്‍ക്ക് അനുവദിച്ചുവരുന്ന സ്ഥലംമാറ്റത്തിനുള്ള പ്രൊട്ടക്ഷന്‍, യൂണിയനുകള്‍ നേടിയിട്ടുള്ള വോട്ട് ശതമാനത്തിന് വിധേയമായി പുനഃക്രമീകരിക്കണം
റഫറണ്ടത്തിലെ വോട്ടിംഗ് ശതമാനത്തിനനുസൃതമായി 50 ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യം പരിഗണിക്കാം.

11. വര്‍ക് ഷോപ്പുകള്‍ 22 ആയി നിജപ്പെടുത്തി നവീകരിക്കുന്നതും പ്രൊഡക്റ്റിവിറ്റി കൗണ്‍സില്‍ ശുപാര്‍ശ പ്രകാരം മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ വര്‍ക്ക് നോംസ് പരിഷ്കരിക്കുന്നത് സംബന്ധിച്ച്
കേരള പ്രൊഡക്റ്റിവിറ്റി കൗണ്‍സില്‍ കെ.എസ്.ആര്‍.ടി.സിയുടെ സെന്‍ട്രല്‍ വര്‍ക്സ്/ റീജിയണല്‍ വര്‍ക് ഷോപ്പുകള്‍ അടക്കമുള്ള എല്ലാ വര്‍ക് ഷോപ്പുകളിലെയും മെക്കാനിക്കല്‍ വിഭാഗം ജോലികള്‍ സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തി പുതുക്കിയ വര്‍ക്ക് നോംസ് സംഘടനകളുമായി ചര്‍ച്ച ചെയ്ത് ഘട്ടം ഘട്ടമായി നടപ്പാക്കും. മൂന്നുമാസത്തെ പ്രവര്‍ത്തനം വിലയിരുത്തി അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിച്ച് എല്ലാ ജില്ലകളിലും നടപ്പാക്കും.
സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലും ഇപ്രകാരമാണ് ശിപാര്‍ശ ചെയ്തിട്ടുള്ളത്.

12. ഡിപ്പോകളില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെ ഷിഫ്റ്റ് ഡ്യൂട്ടിയില്‍ നിയമിക്കുന്നത് സംബന്ധിച്ച്
ഓര്‍ഡിനറി/ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ കൂടുതലുള്ള ഡിപ്പോകളിലും സബ് ഡിപ്പോകളിലും ഓപ്പറേറ്റിംഗ് സെന്‍ററുകളിലും രാത്രി 8 മുതല്‍ 4 വരെ ഉള്ള ഷിഫ്റ്റുകളിലായിരിക്കും കൂടുതല്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെ വിന്യസിക്കുക. ബസ്സുകള്‍ 8 മണിക്കുശേഷമാണ് സര്‍വ്വീസ് അവസാനിപ്പിച്ച് ഡിപ്പോകളില്‍ എത്തുന്നത്. രാവിലെ 5 മണി മുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കേണ്ടതുണ്ട്. രാത്രി 8 മുതല്‍ 4 വരെ സമയത്താണ് ബസ്സുകള്‍ റിപ്പയറിംഗിനായി ലഭിക്കുന്നത്. ആയതിനാല്‍, ആവശ്യമെങ്കില്‍ 8 മണിക്കൂര്‍ ഷിഫ്റ്റില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വിന്യസിക്കും.

പരിഷ്കാരങ്ങള്‍ നടപ്പാക്കിയാല്‍ പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍:

600 മുതല്‍ 800 വരെ ബസ്സുകള്‍ ദിനംപ്രതി ഓപ്പറേറ്റ് ചെയ്യാന്‍ സാധിക്കും.

ഏകദേശം 20 മുതല്‍ 25 കോടി രൂപ വരെ പ്രതിമാസം അധിക വരുമാനം ഉണ്ടാകും.

ബസ് ജീവനക്കാരുടെ അനുപാതം സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതുപോലെ നിലവിലുള്ളതില്‍ നിന്നും (6.97) 5.5 ന് അടുത്ത് കൊണ്ടുവരാനാകും.
8 മണിക്കൂര്‍ ഡ്യൂട്ടിയില്‍ 4 മണിക്കൂര്‍ വരെ വിശ്രമം അനുവദിക്കുന്നു.

ഓവര്‍ടൈം (ബേസിക് + ഡേ)*2 എന്ന രീതിയില്‍ ജീവനക്കാര്‍ക്ക് വര്‍ദ്ധിപ്പിച്ച വരുമാനം ലഭിക്കുന്നു.

ദീര്‍ഘദൂര-ദീര്‍ഘസമയം ഡ്രൈവിംഗ് മൂലമുള്ള ആയാസം കുറയുന്നു, അപകടങ്ങള്‍ കുറയുന്നു.

കൂടുതല്‍ ജനങ്ങള്‍ക്ക് പ്രയോജനകരമായി കൂടുതല്‍ റോഡുകളിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് വ്യാപിപ്പിക്കാന്‍ കഴിയും.

പരിഷ്കാരങ്ങളെല്ലാം 2022 ഒക്ടോബര്‍ 1 മുതല്‍ മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാനത്തുടനീളം പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് മാനേജ്മെന്‍ന്റിനോട് ആവശ്യപ്പെട്ടു.

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഓണത്തിനു മുമ്പ് ശമ്പളം നല്‍കാന്‍ നടപടി സ്വീകരിക്കും.

എല്ലാ മാസവും അഞ്ചാം തീയതിക്കുമുമ്പ് ശമ്പളം നല്‍കാനുള്ള നടപടി ബോര്‍ഡ് സ്വീകരിക്കണം. സര്‍ക്കാര്‍ നല്‍കേണ്ട സഹായം ഒന്നാം തീയതി തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.

Back to top button
error: