IndiaNEWS

”പൂക്കാത്തതും കായ്ക്കാത്തതുമായ കഞ്ചാവ് ചെടി കഞ്ചാവല്ല”

നിര്‍ണ്ണായക വിധിയുമായ ബോംബെ ഹൈക്കോടതി

മുംബൈ : പിടികൂടിയ പൂക്കാത്തതോ കായ്ക്കാത്തതോ ആയ കഞ്ചാവ് ചെടി ‘ഗഞ്ച’യുടെ പരിധിയില്‍ വരില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി. വാണിജ്യാടിസ്ഥാനത്തില്‍ മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റ് ചെയ്ത ആള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ഓഗസ്റ്റ് 29ന് ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ പ്രതിയുടെ വസതിയില്‍ നിന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്ത വസ്തുക്കളിലും രാസപരിശോധനയ്ക്കായി എന്‍.സി.ബി. അയച്ച സാമ്പിളിലും പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍.ഡി.പി.എസ്) ആക്ട് സെക്ഷന്‍ 8 (സി) (മയക്കുമരുന്ന് ഉല്‍പ്പാദിപ്പിക്കുക, നിര്‍മ്മിക്കുക അല്ലെങ്കില്‍ കൈവശം വയ്ക്കുക) പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് എന്‍.സി.ബി. അറസ്റ്റ് രേഖപ്പെടുത്തിയ കുനാല്‍ കാഡുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. 2021 ഏപ്രിലില്‍ കാഡുവിന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ 48 കിലോഗ്രാം ഭാരമുള്ള മൂന്ന് പാക്കറ്റുകളിലായി പച്ച ഇല കണ്ടെടുത്തുവെന്നാണ് എന്‍.സി.ബി. ആരോപിക്കുന്നത്.

Signature-ad

പച്ച ഇലകളുള്ള പദാര്‍ത്ഥം കഞ്ചാവാണെന്നും കണ്ടെടുത്തതിന്റെ ആകെ ഭാരം 48 കിലോ ആയതിനാല്‍ അത് വാണിജ്യ അളവിന്റെ നിര്‍വചനത്തിന് കീഴിലാണെന്നും എന്‍.സി.ബി അവകാശപ്പെട്ടു. ”വിത്തുകളും ഇലകളും പൂക്കളോ കായ്ക്കുന്നതോ ആയ ശിഖരങ്ങളോടൊപ്പം ഉണ്ടെങ്കില്‍ അത് കഞ്ചാവിന് തുല്യമാകുമെന്ന് സൂചിപ്പിക്കുന്നു. എന്നാല്‍, വിത്തുകളും ഇലകളും ശിഖരങ്ങള്‍ക്കൊപ്പം ഇല്ലെങ്കില്‍ ഇത് കഞ്ചാവായി കണക്കാക്കില്ല,” കോടതി പറഞ്ഞു. എന്‍.ഡിഴ.പി.എസ് നിയമത്തിന് കീഴിലുള്ള ഗഞ്ചയുടെ നിര്‍വചനത്തെ ആശ്രയിച്ചുകൊണ്ടാണ് ജസ്റ്റിസ് ഡാംഗ്രെയുടെ നിരീക്ഷണം.

നിലവിലെ കേസില്‍, പ്രതിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പദാര്‍ത്ഥത്തില്‍ വിത്തുകളും ഇലകളും ശിഖരങ്ങള്‍ക്കൊപ്പം ഇല്ലെന്ന് വ്യക്തമായിരിക്കുന്നുവെന്നും അതിനാല്‍ കഞ്ചാവായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു.

”വാണിജ്യ അളവില്‍ ഇടപാട് നടത്തിയതിന് അപേക്ഷകന്‍ (കാഡു) കുറ്റക്കാരനല്ലെന്ന് വിശ്വസിക്കുന്നതിന് ന്യായമായ കാരണങ്ങളുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുന്നു” വെന്നും ജസ്റ്റിസ് ഡാംഗ്രെ പറഞ്ഞു. കഡുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ കോടതി അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

എന്‍.സി.ബിയുടെ അഭിഭാഷകന്‍ ശ്രീറാം ഷിര്‍സാത്ത് ഹര്‍ജിയെ എതിര്‍ത്തു. കണ്ടെടുത്ത പദാര്‍ത്ഥം കഞ്ചാവിന്റെ നിര്‍വചനത്തിന് കീഴിലാണോയെന്നും അത് വാണിജ്യപരമായ അളവാണെങ്കില്‍ വിചാരണ വേളയില്‍ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും അന്വേഷണം ഇപ്പോഴും നടക്കുന്ന ഈ ഘട്ടത്തിലല്ലെന്നും പ്രതിഭാഗത്തിന്റെ കഞ്ചാവല്ലെന്ന വാദത്തെ എതിര്‍ത്ത് ശ്രീറാം ഷിര്‍സാത്ത് വാദിച്ചു. എന്നാല്‍, എന്‍.സി.ബിയുടെ വാദം അംഗീകരിക്കാന്‍ വിസമ്മതിച്ച ജസ്റ്റിസ് ഡാംഗ്രെ, ഏത് പദാര്‍ത്ഥമാണ് പിടിച്ചെടുത്തതെന്നും എന്താണ് വിശകലനത്തിനായി കൈമാറിയതെന്നും ഉറപ്പാക്കേണ്ടത് എന്‍.സി.ബിയുടെ കടമയാണെന്നും അത് വിചാരണ കോടതിയുടെ ഊഹത്തിന് വിടാനാകില്ലെന്നും പറഞ്ഞു.

 

Back to top button
error: