കണ്ണൂര്‍: കണ്ണൂരില്‍ തമിഴ്നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നു പ്രതികള്‍ അറസ്റ്റില്‍. സേലം സ്വദേശി മലര്, നീലേശ്വരം സ്വദേശികളായ വിജേഷ്, മുസ്തഫ എന്നിവരെയാണ് എ സി പി ടി. കെ. രത്നകുമാര്‍ അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നില്‍ യുവതിയുടെ കാമുകനും ബന്ധുവും ഉണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്ന് പുലര്‍ച്ചയോടെ സേലത്ത് നിന്നാണ് മലറിനെയും വിജേഷിനെയും അറസ്റ്റ് ചെയ്തത്. മലപ്പുറത്ത് നിന്നാണ് മുസ്തഫയെ പിടികൂടിയത്. ഇവര്‍ മൂന്ന് പേരും ഒളിവില്‍ കഴിയുകയായിരുന്നു.
കേസിനാസ്പദമായ സംഭവം നടന്നയുടന്‍ മൂവരും സംസ്ഥാനം വിട്ടിരുന്നതായി പൊലീസ് ഉറപ്പിച്ചിരുന്നു. മൂവരുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. കണ്ണൂര്‍ എസി പി യുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല. ആഗസ്റ്റ് 27 ശനിയാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. രാവിലെ ജോലിക്കെന്ന് പറഞ്ഞ് രണ്ടു പേര് യുവതി താമസിച്ച സ്ഥലത്ത് നിന്നും ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തിരിച്ചു വരുമ്പോള്‍ മഴ പെയ്തതോടെ യുവതിയെ ഇവര്‍ ചാലക്കുന്നിലെ ഒരു ക്വാട്ടേഴ്സിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ജ്യൂസില്‍ മയക്കു മരുന്ന് കലര്‍ത്തി നല്കി പീഡിപ്പിച്ചു.
സമീപ ക്വാട്ടേഴ്സുകളിലുള്ളവര്‍ അവശനിലയിലായ യുവതിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് പൊലീസെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി ആരോഗ്യനില വീണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്, യുവതിയുടെ കാമുകനും ബന്ധുവായ സ്ത്രീക്കും സംഭവത്തില്‍ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി യുവതിയുടെ വിശദമായ മൊഴിയെടുക്കും. അറസ്റ്റിലായ മൂവരെയും പിന്നീട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി ഇവരെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് നാളെ അപേക്ഷ നല്‍കും.