കോഴിക്കോട്: സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണം എന്നാവശ്യപ്പെട്ട് എത്തിയവരെ തടഞ്ഞ മെഡിക്കല്‍ കോളേജ് ആശുപത്രി സുരക്ഷാ ജീവനക്കാരെ മര്‍ദിച്ചതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിനേഷന്‍, ശ്രീലേഷ്, രവീന്ദ്ര പണിക്കര്‍ എന്നീ ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് രാവിലെ എത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഭാര്യയോട് അതിക്രമം കാട്ടിയെന്ന് ആരോപിച്ച് യുവാവും സുരക്ഷാ ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനുപിന്നാലെയാണ് ഒരു സംഘം ആളുകളെത്തി സുരക്ഷാ ജീവനക്കാരെ മര്‍ദിച്ചത്.
ഹെല്‍മെറ്റും മാസ്‌കും ഉപയോഗിച്ച് മുഖം മറച്ചിരുന്നവരും അക്രമികളുടെ കൂട്ടത്തിലുണ്ടായിരുന്നതായാണ് ആരോപണം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമം ലേഖകനും മര്‍ദനമേറ്റു. ജീവനക്കാരുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് വിശദമായ മൊഴിയെടുത്തു. സുരക്ഷാ ജീവനക്കാരനെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, സുരക്ഷാ ജീവനക്കാര്‍ ജീവനക്കാരന്‍ കൈയില്‍ കയറിപ്പിടിച്ചെന്ന് ആരോപിച്ച് ഒരു സ്ത്രീയും പരാതി നല്‍കിയിട്ടുണ്ട്. രണ്ട് പരാതിയിലും മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചതിലും കേസെടുക്കുമെന്ന് മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു.