ന്യൂഡല്‍ഹി: ബംഗളുരുവിലെ ഈദ് ഗാഹ് മൈതാനിയില്‍ തത്കാലം ഗണേശചതുര്‍ത്ഥി ആഘോഷം നടത്തരുതെന്ന് സുപ്രീം കോടതി. രണ്ട് ദിവസത്തേക്ക്ക്ക് തല്‍സ്ഥിതി തുടരണമെന്നും പരിപാടിക്ക് അനുമതിയില്ലെന്നും കേസ് അടിയന്തരമായി പരിഗണിച്ച സുപ്രീം കോടതി മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഈദ്ഗാഹ് മൈതാനിയില്‍ ഗണേഷ ചതുര്‍ഥി ആഘോഷം നടത്താമെന്ന കര്‍ണാടക ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഗണേശചതുര്‍ത്ഥിക്ക് ഒരു ദിവസം ബാക്കിനില്‍ക്കെയാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.
ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ത്ഥി ആഘോഷത്തിന് ബംഗളുരു മുനസിപ്പല്‍ കോര്‍പ്പറേഷനാണ് ആദ്യം അനുമതി നല്‍കിയത്. ഇതിനെതിരെ കര്‍ണാടക വഖഫ് ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടു. എന്നാല്‍ ഡിവിഷന് ബെഞ്ച് ആര്‍ക്കും അവിടെ പരിപാടി നടത്താമെന്ന് വിധിച്ചു.
ഈ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പന്തല്‍ കെട്ടുന്നതടക്കമുള്ള പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്കി. എന്നാല്‍ വിധിക്കെതിരേ വഫഖ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചു. ആദ്യം സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ ജഡ്ജിമാര്‍ക്ക് സമവായത്തിലെത്താന്‍ സാധിക്കാഞ്ഞതോടെ കേസ് ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, എഎസ് ഓഖ, എംഎം സുന്ദരേഷ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു.
200 വര്‍ഷമായി ഈദ് ഗാഹ് മൈതാനിയില്‍ മറ്റൊരു മതത്തിന്റേയും ആഘോഷങ്ങള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ വാദിച്ചു. അതേസമയം രണ്ട് ദിവസത്തേക്ക് പ്രദേശം അനുവദിക്കണമെന്നും സ്ഥിരമായി ഒരു നിര്‍മ്മിതിയും ഉണ്ടാക്കില്ലെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു.
എന്നാല്‍ ഉത്തര്‍പ്രദേശില്‍ ബാബരി മസ്ജിദ് കേസിലും ഇത്തരത്തില്‍ ഒരു ഉറപ്പു നല്‍കിയിരുന്നെന്നും എന്നാല്‍ അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയാമെന്നും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കാമെന്ന ധാരണ നല്‍കരുതെന്നും വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന് ദുഷ്യന്ത് ദവേ വാദിച്ചു. തുടര്‍ന്നായിരുന്നു സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. അതേസമയം, അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ചാമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനത്തിന് പുറത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.