തിരുവനന്തപുരം: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ പ്രതികരണവുമായി ശശി തരൂർ. മത്സരിക്കുമോയെന്ന ചോദ്യത്തിന് സാധ്യത തിരുവനന്തപുരം എംപി തള്ളിയില്ല. മത്സരം പാർട്ടിക്ക് ഗുണമേ ചെയ്യൂ. ദോഷം ചെയ്യില്ല. മത്സരിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയുന്നില്ല. ജനാധിപത്യ പാർട്ടിയിൽ തെരഞ്ഞെടുപ്പ് നല്ലതാണ്. സോണിയാ ഗാന്ധിയുടെ ചുമലിൽ ഇനിയും ഭാരം ഏൽപ്പിക്കുന്നത് ശരിയല്ല. മൂന്നാഴ്ച്ചയ്ക്ക് ശേഷം കാണാമെന്നും തരൂർ പ്രതികരിച്ചു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന സൂചനകൾ ശശി തരൂർ നൽകിയിരുന്നു. താൻ ഉറപ്പായും മത്സര രംഗത്തുണ്ടാവുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല, ശശി തരൂർ വ്യക്തമാക്കി.