തിരുവനന്തപുരം: സ്വന്തം മുന്നണിയില്‍നിന്നുതന്നെ വിമര്‍ശനങ്ങളുയര്‍ന്നിട്ടും എല്ലാം പരിഹരിച്ച് ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ കടത്തിയെടുത്ത് സര്‍ക്കാര്‍. അഴിമതിക്കേസില്‍ ലോകായുക്ത വിധിയോടെ പൊതു പ്രവര്‍ത്തകര്‍ പദവി ഒഴിയണം എന്ന പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ എടുത്തുകളഞ്ഞത്. നിയമത്തെ ഇല്ലാതാക്കുന്നതിന് കൂട്ടുനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി വോട്ടെടുപ്പിന് മുമ്പ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതോടെ, പ്രതിപക്ഷ അസാന്നിധ്യത്തിലാണ് ബില്ല് നിയമസഭയില്‍ പാസായത്. നിയമസഭയുടെ കറുത്ത ദിനമെന്നും ഇതിന് കൂട്ടുനില്‍ക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. ബില്‍ പാസായെങ്കിലും ഗവര്‍ണര്‍ ഒപ്പിടുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
ലോകായുക്തയുടെ വിധികള്‍ അപ്രസക്തമാക്കുന്നതാണ് ഭേദഗതിയിലെ വ്യവസ്ഥകള്‍ എന്നാണ് ഉയരുന്ന വിമര്‍ശനം. നായനാര്‍ സര്‍ക്കാര്‍ കൊണ്ട് വന്ന നിയമത്തിന് 23 വര്‍ഷത്തിന് ശേഷമാണ് ഭേദഗതി. നായനാര്‍ക്ക് തെറ്റ് പറ്റിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. ലോകായുക്തക്കു ജുഡീഷ്യല്‍ പദവി ഇല്ലെന്നും ലോകായുക്ത കോടതിക്ക് തുല്യമല്ലെന്നു ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിയമമന്ത്രി പി രാജീവ് ഇതിനെ നേരിട്ടത്.
വിധി എതിരായാല്‍ പൊതു പ്രവര്‍ത്തകര്‍ പദവി ഒഴിയണമെന്ന പതിനാലാം വകുപ്പ് കളഞ്ഞിനു പകരം മുഖ്യമന്ത്രിക്ക് എതിരായ വിധിയില്‍ പുനപരിശോധനാ അധികാരം നിയമസഭയ്ക്ക് നല്‍കുന്ന ഭേദഗതിയാണ് കൊണ്ടുവന്നത്. മന്ത്രിമാര്‍ക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്ക് എതിരായ വിധി സ്പീക്കര്‍ക്കും പരിശോധിക്കാം. ലോകായുക്ത നിയമ ഭേദഗതി നിര്‍ദേശം സി.പി.എം. മുന്നോട്ടുവച്ചപ്പോള്‍ സിപിഐ മുന്നോട്ടുവച്ച ഈ ഭേദഗതി സര്‍ക്കാര്‍ ഔദ്യോഗിക ഭേദഗതിയാക്കുകയായിരുന്നു.
സബ്ജക്ട് കമ്മറ്റി പരിഗണിച്ച ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ക്രമപ്രശ്‌നവുമായെത്തി. സഭ അധികാരപ്പെടുത്താതെ പുതിയ ഭേദഗതി ചേര്‍ത്തത് ചട്ട വിരുദ്ധമെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. എന്നാല്‍ ബില്ലില്‍ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താം എന്ന് നിയമ മന്ത്രി പറഞ്ഞു. സഭയ്ക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്കും ഉണ്ടെന്ന് പി രാജീവ് വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ ക്രമപ്രശ്നം തള്ളി സ്പീക്കര്‍ റൂളിംഗ് നല്‍കി. ലോകായുക്തയുടെ പല്ലും നഖവും പറിച്ചു കളഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് എതിരായ ലോകയുക്ത വിധിയെ നിയമസഭ ഒരിക്കലും അംഗീകരിക്കില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാരുമായി കൊമ്പുകോര്‍ത്തു നില്‍ക്കുന്ന ഗവര്‍ണര്‍ ഇനി ബില്ലില്‍ ഒപ്പിടുമോ എന്നാലോചിച്ചാണ് പ്രതിപക്ഷവും സര്‍ക്കാരും ഒരേപോലെ തലപുകയ്ക്കുന്നത്.