KeralaNEWS

പണിമുടക്കി പണികൊടുത്ത് ഇ – പോസ് സെര്‍വര്‍; നിശ്ചിത ക്രമം പാളിയാല്‍ കിറ്റു കിട്ടുമോയെന്ന ആശങ്കയില്‍ ജനം

തിരുവനന്തപുരം: ഓണക്കിറ്റു വിതരണത്തില്‍ വെല്ലുവിളിയുയര്‍ത്തി വീണ്ടും ഇ – പോസ് സെര്‍വര്‍ പണിമുടക്കി. മിക്ക ജില്ലകളിലും ഇ – പോസ് തകരാറില്‍ നാലാം ദിനവും ഓണക്കിറ്റും റേഷന്‍ വിതരണവും മുടങ്ങി. പിങ്ക് കാര്‍ഡുള്ളവര്‍ക്കാണ് ഇന്ന് ഓണക്കിറ്റ് നല്‍കേണ്ടിയിരുന്നത്.

എന്നാല്‍, ഇ – പോസ് മെഷീന്‍ സെര്‍വര്‍ തകരാറിലായത്തോടെ ഓണക്കിറ്റും റേഷന്‍ വിതരണവും മുടങ്ങി. പിന്നാലെ തകരാറ് പരിഹരിച്ചെന്നും വിതരണം പുനരാരംഭിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഏഴ് വരെ വിവിധ കാര്‍ഡ് ഉടമകള്‍ക്ക് സമയക്രമം നിശ്ചയിച്ചാണ് കിറ്റ് നല്‍കാന്‍ തുടങ്ങിയത്. എന്നാല്‍ സെര്‍വര്‍ തകരാര്‍ ഇത് തകിടം മറിക്കുമോയെന്നാണ് ആശങ്ക.

Signature-ad

ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. മഞ്ഞ് കാര്‍ഡുടമകള്‍ക്കായിരുന്നു ആദ്യ രണ്ട് ദിവസങ്ങളില്‍ കിറ്റ് വിതരണം ചെയ്തത്. ഓഗസ്റ്റ് 25, 26, 27 തിയതികളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കാണ് കിറ്റ് നല്‍കുന്നത്. 29,30,31 തീയതികളില്‍ നീല കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 1,2,3 തീയതികളില്‍ വെള്ള കാര്‍ഡുകള്‍ക്കും ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യും. ഏതെങ്കിലും കാരണത്താല്‍ ഈ തീയതികളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അടുത്തമാസം 4,5,6,7 തീയതികളില്‍ ഓണക്കിറ്റ് കൈപ്പറ്റാന്‍ അവസരമുണ്ട്.

അതേസമയം, ഓണക്കിറ്റ് വിതരണത്തില്‍ ഒരു വീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. നെറ്റ്വര്‍ക്ക് തകരാര്‍ പരിഹരിച്ചുവെന്നും ബദല്‍ മാര്‍ഗങ്ങളും ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ മാത്രം 9,83572 കിറ്റ് വിതരണം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ ഘട്ടത്തില്‍ അവരവരുടെ റേഷന്‍ കടകളില്‍ നിന്ന് മാത്രമേ കിറ്റ് വാങ്ങാന്‍ അനുവാദം ഉണ്ടാകൂ. പോര്‍ട്ടബിലിറ്റി സൗകര്യം ഉണ്ടാവില്ല. എന്നാല്‍ സെപ്തബര്‍ 4, 5, 6, 7 തീയതികളില്‍ ഏത് റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങാന്‍ അവസരം ഉണ്ടാകും. അടുത്ത മാസം നാലിന് റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഇതിന് പകരം സെപ്തംബര്‍ 16ന് റേഷകന്‍ കടകള്‍ക്ക് അവധിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, മുന്‍പും കിറ്റ് വിതരണം ചെയ്ത സമയങ്ങളില്‍ സെര്‍വര്‍ തകരാര്‍ പ്രതിസന്ധിയിലായിരുന്നു. അന്ന് ഏര്‍പ്പെടുത്തിയ താല്‍കാലിക ക്രമീകരണം ഉടന്‍ നടപ്പാക്കണമെന്നാണ് റേഷന്‍ വ്യാപാരികളുടെ സംഘടന ആവശ്യപ്പെടുന്നത്.

Back to top button
error: