കൊച്ചി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കര്‍ണ്ണാടക സ്വദേശികള്‍ക്കും കേരളം നഷ്ടപരിഹാരം നല്‍കണമെന്നു കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴാണു കേന്ദ്ര സര്‍ക്കാരിന്റെ ഈ ആവശ്യം കര്‍ണ്ണാടകയിലെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. ആദ്യമായാണു ഇത്തരത്തിലുള്ള അവകാശവാദം സുപ്രീംകോടതിയില്‍ വരുന്നത്. സുപ്രീംകോടതി നിര്‍ദ്ദേശിക്കുന്നപക്ഷം വന്‍ ബാധ്യതയാകും കേരളത്തിനുമേല്‍ വരിക. കേരളത്തിലെ ദുരിതബാധിതര്‍ക്കുള്ള അഞ്ചു ലക്ഷം രൂപയുടെ ധനസഹായം ഇതുവരെ കൊടുത്തു തീര്‍ക്കാനായിട്ടുമില്ല.
ദുരന്തത്തിനിടയാക്കിയ തോട്ടങ്ങളും അതിനു കാരണക്കാരായ കീടനാശിനി കമ്പനി നിലനിന്നതും കേരളത്തിലായതിനാല്‍ നഷ്ടപരിഹാരം കണ്ടെത്തി നല്‍കാന്‍ കേരളത്തിനു ബാധ്യതയുണ്ടെന്നാണു കര്‍ണ്ണാടകയിലെ അസി. സോളിസിറ്റര്‍ ജനറലിന്റെ വാദം. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള നിരവധി പരാതികള്‍ കര്‍ണ്ണാടക െഹെക്കോടതിയില്‍ നിലവിലുണ്ട്. അതിന്റെ വിശദാംശങ്ങള്‍ അടുത്ത സിറ്റിംഗില്‍ ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഈ വിഷയത്തില്‍ കര്‍ണ്ണാടക െഹെക്കോടതിയുടെ നിലപാടുണ്ടെങ്കില്‍ അതും അറിയിക്കണം. എന്നാല്‍, കേരള സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഈ വിഷയത്തില്‍ മറുപടി നല്‍കിയില്ല.
ഇക്കാര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിനും ബാധ്യതയുണ്ടെന്നാണു കേരളത്തിന്റെ നിലപാട്. ബാധ്യത കേരളത്തിനല്ല. സംസ്ഥാനത്തിനു പുറത്തുപോയി ജോലി ചെയ്തുവരുന്നവര്‍ രോഗബാധിതരായാല്‍ അതിന്റെ ബാധ്യത അതതു സംസ്ഥാനങ്ങള്‍ക്കു ഏറ്റെടുക്കാനാവില്ലെന്നു സംസ്ഥാനം മറുപടി നല്‍കും. പക്ഷേ, കേന്ദ്രസര്‍ക്കാരിനു ഇക്കാര്യത്തില്‍ സഹായിക്കാന്‍ കഴിയും. ദുരന്തവുമായി ബന്ധപ്പെട്ടു തുടര്‍ച്ചയായ ആവശ്യങ്ങളാണു കേരളത്തിനു മുന്നില്‍ വരുന്നത്. അതുതന്നെ വലിയ ബാധ്യതയാണെന്നും കേരളം അറിയിക്കും.
അതിനിടെ, ദുരിതബാധിതര്‍ക്കു സഹായം വിതരണം ചെയ്യുന്നതില്‍ ജുഡീഷ്യല്‍ സൂക്ഷ്മപരിശോധന വേണമെന്നു സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കാസര്‍ഗോഡ് ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയെ അതിനായി ചുമതലപ്പെടുത്തി. കലക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും അദ്ദേഹത്തിനു ആവശ്യമായി സൗകര്യം ചെയ്തുകൊടുക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
കാസര്‍ഗോഡ് ടാറ്റ നിര്‍മ്മിച്ച കോവിഡ് ആശുപത്രി എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ തുടര്‍ചികില്‍സയ്ക്കായി പൂര്‍ണ്ണമായി വിട്ടുകൊടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പൊന്നും നല്‍കിയില്ല. നിലവില്‍ ചികില്‍സയ്ക്കായി എല്ലാ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ടെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.