വിഖ്യാത സംവിധായകൻ ജെയിംസ് കാമറൂൺ അണിയിച്ചൊരുക്കിയ ഇതിഹാസ സിനിമ ‘അവതാർ’ വീണ്ടും തീയറ്ററുകളിലേക്ക്. അവതാർ രണ്ടാം ഭാഗമായ ‘അവതാർ; ദി വേ ഓഫ് വാട്ടർ’ എന്ന സിനിമ റിലീസാവുന്നതിനു മുന്നോടി ആയാണ് ‘അവതാര്‍’ വീണ്ടും തീയറ്ററുകളിലെത്തുക. ചിത്രത്തിൻ്റെ 4കെ എച്ച്ഡിആർ ത്രീഡി വേർഷൻ സെപ്തംബർ 23ന് ലോകവ്യാപകമായി റീ റിലീസ് ചെയ്യും. ഇന്ത്യയിലെ പരിമിത എണ്ണം തീയറ്ററുകളിലും സിനിമ റിലീസാവും. റീ-റിലീസിനു മുന്നോടിയായി ചിത്രത്തിൻ്റെ പുതുക്കിയ ട്രെയ്ലറും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംവിധായകൻ ജെയിംസ് കാമറൂൺ തന്നെ ട്രെയിലറും പുതിയ പോസ്റ്ററും പങ്കുവച്ചു.
ലോക സിനിമയിലെ അത്ഭുതങ്ങളില്‍ ഒന്നായ ‘അവതാര്‍’ അതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കി മാറ്റിയിരുന്നു. 2009 ഡിസംബറിലാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം എത്തിയത്.
ലോക സിനിമാപ്രേമിയെ വിസ്മയിപ്പിച്ച ചിത്രം വീണ്ടും ബിഗ് സ്ക്രീനില്‍ കാണാനുള്ള അവസരമാണ് വരാന്‍ പോകുന്നത്. 4കെ എച്ച് ഡി ആറിലേക്ക് (ഹൈ ഡൈനൈമിക് റേഞ്ച്) റീ മാസ്റ്റര്‍ ചെയ്ത പതിപ്പാണ് ലോകമെമ്പാടും തിയറ്ററുകളില്‍ എത്തുക.’അവതാറി’ന്റെ സീക്വല്‍ തിയറ്ററുകളിലെത്തുന്നതിന് മുന്നോടിയായി ഈ ഫ്രാഞ്ചൈസിയുടെ സവിശേഷ ലോകം പ്രേക്ഷകര്‍ക്ക് ഒരിക്കല്‍ക്കൂടി പരിചയപ്പെടുത്തുകയാണ് റീ റിലീസിലൂടെ ഉദ്ദേശിക്കുന്നത്.
നാല് തുടര്‍ ഭാഗങ്ങളാണ് അവതാറിന് പുറത്തുവരാനിരിക്കുന്നത്. രണ്ടാം ഭാഗമായ അവതാര്‍ ദ് വേ ഓഫ് വാട്ടറിന്റെ റിലീസ് തീയതി ഡിസംബര്‍ 16 ആണ്. അവതാര്‍ 3 ന്റെ ചിത്രീകരണവും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 2024 ഡിസംബര്‍ 20 ആണ് ഈ ചിത്രത്തിന്റെ റിലീസ് തീയതി. ജെയിംസ് കാമറൂണിന്റെ കഥയ്ക്ക് അദ്ദേഹത്തിനൊപ്പം ജോഷ് ഫ്രൈഡ്മാനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്വന്തം നിര്‍മ്മാണ കമ്പനിയായ ലൈറ്റ്സ്റ്റോം എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ജെയിംസ് കാമറൂണും ഒപ്പം ടി എസ് ജി എന്റര്ടെയ്ന്മെന്റും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 20ത് സെഞ്ചുറി സ്റ്റുഡിയോസ് ആണ് ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിന് എത്തിക്കുന്നത്.