LIFEMovie

ചിത്രീകരണത്തിനിടെ അപകടത്തില്‍ 3 മരണം, കോവിഡ്, സാമ്പത്തിക പ്രതിസന്ധി; തടസങ്ങളുടെ ഘോഷയാത്രയ്ക്കു പിന്നാലെ ഇന്ത്യന്‍ 2 ചിത്രീകരണം പുനരാരംഭിക്കുന്നു

ചെന്നൈ: നിരവധി തവണ പലകാരണങ്ങളാല്‍ ചിത്രീകരണം മുടങ്ങിയ കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍ 2 വിന് വീണ്ടും ജീവന്‍വയ്ക്കുന്നു. തമിഴിനെ വമ്പന്‍ നിര്‍മാണക്കമ്പനിയായ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയായെന്ന വമ്പന്‍ പ്രഖ്യാപനത്തോടെയാണ് ഇന്ത്യന്‍ 2 വിന്റെ മടങ്ങിവരവ്.

ഒരു വന്‍ അപ്‌ഡേറ്റ് പുറത്തെത്തുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്ന റെഡ് ജയന്റ് മൂവീസ് ആണ് കമല്‍ ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും ആവേശം പകരുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്. സുഭാസ്‌കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനുമൊപ്പം റെഡ് ജയന്റ് മൂവീസ് കൂടി നിര്‍മാണ പങ്കാളിയാകുന്നതോടെ വമ്പന്‍ പ്രതീക്ഷയാണ് ഇന്ത്യന്‍ 2 പകരുന്നത്.

Signature-ad

ചെന്നൈ പാരീസ് കോര്‍ണറിലെ എഴിലകം പരിസരത്ത് ചിത്രീകരണത്തിനു വേണ്ടിയുള്ള സെറ്റ് നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെയാണ് ചിത്രീകരണം പുനരാരംഭിക്കുക. കാജല്‍ അഗര്‍വാളും ബോബി സിംഹയും ഉള്‍പ്പെടുന്ന രംഗങ്ങളാണ് തുടക്കത്തില്‍ ചിത്രീകരിക്കുക. ഇപ്പോള്‍ യുഎസില്‍ ഉള്ള കമല്‍ഹാസന്‍ തിരിച്ചെത്തിയതിനു ശേഷമാവും അദ്ദേഹത്തിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുക.

1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാര്‍ഡും തേടിയെത്തി. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന പ്രഖ്യാപനവും ചിത്രീകരണ ആരംഭവും 2018 ല്‍ നടന്നെങ്കിലും പിന്നീട് പലകാരണങ്ങളാല്‍ വൈകുകയായിരുന്നു. 2020 ഫെബ്രുവരിയില്‍ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ ചിത്രീകരണ സ്ഥലത്തെ അപകടത്തിനൊപ്പം കൊവിഡ് കാലവും കൂടാതെ സാമ്പത്തിക പ്രതിസന്ധികളും നിര്‍മ്മാണത്തെ പിന്നോട്ടടിച്ചിരുന്നു.

 

Back to top button
error: