IndiaNEWS

അദാനി ഗ്രൂപ്പിന്റെ വൻ നിക്ഷേപ പദ്ധതികൾ കടക്കെണിയിലാകാൻ സാധ്യതയെന്നു മുന്നറിയിപ്പ് നൽകി ആഗോള ധന കാര്യക്ഷമത വിലയിരുത്തൽ ഏജൻസിയായ ഫിച്ച് ഗ്രൂപ്പിന്റെ ഉപഘടകമായ ക്രെഡിറ്റ് സൈറ്റ്‌സ്

അദാനി ഗ്രൂപ്പിന്റെ വൻ നിക്ഷേപ പദ്ധതികൾ കടക്കെണിയിലാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ആഗോള ധന കാര്യക്ഷമത വിലയിരുത്തൽ ഏജൻസിയായ ഫിച്ച് ഗ്രൂപ്പിന്റെ ഉപഘടകമായ ക്രെഡിറ്റ് സൈറ്റ്‌സ്. ഗ്രൂപ്പിന്റെ നിക്ഷേപ പദ്ധതികൾ ആഴത്തിൽ അതിരുകടന്നതാണെന്നും ഗൗതം അദാനിയുടെ സമ്പത്തിന്റെ ഭൂരിഭാഗവും ‘കടലാസിൽ ‘മാത്രമാണെന്നും ക്രെഡിറ്റ് സൈറ്റ്‌സ് തയ്യാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് വർഷങ്ങളായി അടക്കിവാഴുന്ന മേഖലകളിലടക്കം അദാനി ഗ്രൂപ്പ് മത്സരിക്കുന്നു. അത്‌ ആക്രമണോത്സുകമായ വിപുലീകരണ പദ്ധതിയാണെന്നും പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഗ്രൂപ്പിന്റെ ആക്രമണാത്മക വിപുലീകരണം, പുതിയതോ അല്ലെങ്കിൽ അനുബന്ധ ബിസിനസ്സുകളിലേക്കുള്ള കടന്നുകയറ്റം, റിലയൻസ് ഇൻഡസ്ട്രീസ് പോലുള്ള കമ്പനികളുമായി മത്സരിക്കുന്നതിൽ നിന്ന് ഉണ്ടാകുന്ന അപകടസാധ്യതകൾ,പരിസ്ഥിതി, സാമൂഹിക അപകടസാധ്യതകൾ തുടങ്ങി നിരവധി ആശങ്കകൾ റിപ്പോർട്ടിൽ ഉന്നയിക്കുന്നുണ്ട്.

അതേസമയം അദാനി ഗ്രൂപ്പ് അതിന്റെ എല്ലാ വ്യാപാരങ്ങളും സ്ഥാപനം വിപുലീകരിക്കുകയാണെന്നും നിലവിലുള്ള ബിസിനസ്സുകളുടെ പ്രവർത്തനം അതിവേഗം മെച്ചപ്പെടുത്തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. എയർപോർട്ടുകൾ, സിമന്റ്, കോപ്പർ റിഫൈനിംഗ്, ഡാറ്റാ സെന്ററുകൾ, ഗ്രീൻ ഹൈഡ്രജൻ, പെട്രോകെമിക്കൽ റിഫൈനിംഗ്, റോഡുകൾ, സോളാർ സെൽ നിർമ്മാണം എന്നിവ ഉൾപ്പെടുന്ന പുതിയ മേഖലകളിൽ കഴിഞ്ഞ അഞ്ച് വർഷമായി കമ്പനി വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

Signature-ad

എന്നാൽ പല പ്രതിസന്ധികളും നേരിടുന്നുണ്ടെങ്കിലും ഇന്ത്യയിലെ ബാങ്കുകളുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദാനിക്കുള്ള ശക്തമായ ബന്ധമാണ് ഗ്രൂപ്പിന് ശുഭപ്രതീക്ഷ നൽകുന്നതെന്നും ക്രെഡിറ്റ് സൈറ്റ്‌സ് വിദഗ്ധർ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ അദാനി ഗ്രൂപ്പ് തയ്യാറായില്ല. എന്നാൽ, ഓഹരിവിപണിയിൽ ചൊവ്വാഴ്ച അദാനിഗ്രൂപ്പിന് അഞ്ചുശതമാനം വരെ ഇടിവുണ്ടായി.

 

Back to top button
error: