കോഴിക്കോട്: ലൈംഗികാതിക്രമക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതി ജഡ്ജിക്ക് സ്ഥലം മാറ്റം. ജാമ്യം അനുവദിച്ച ഉത്തരവില്‍ വിവാദ പരാമർശങ്ങൾ നടത്തിയ ജഡ്ജി എസ് കൃഷ്ണകുമാറിനെയാണ് മാറ്റിയത്. കൊല്ലം ലേബർ കോടതിയിലേക്കാണ് പുതിയ നിയമനം. മുരളീകൃഷ്ണൻ എസ് ആണ് പുതിയ കോഴിക്കോട് സെഷൻസ് ജഡ്ജി.മഞ്ചേരി സെഷൻസ് ജഡ്ജിയായിരുന്ന മുരളീകൃഷ്ണനെ കോഴിക്കോട്ടേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിറക്കി. കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി നാളെ വാദം കേൾക്കാനിരിക്കെയാണ് ജഡ്ജിയെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്.
മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുളള ഉത്തരവിലെ ജഡ്ജിയുടെ പരാമർശങ്ങൾ വിവാദമായിരുന്നു. ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കണമെന്ന് സർക്കാരും ആവശ്യപ്പെട്ടിരുന്നു. പരാമർശങ്ങൾ ഇരയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്ന് സർക്കാർ വ്യക്തമാക്കി. സെഷൻസ് കോടതിയുടെ നിരീക്ഷണം യുക്തിക്ക് നിരക്കാത്തതാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ടെന്നും, അതിനാൽ സെക്ഷൻ 354 എ പ്രകാരം പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ പരാതി നിലനിൽക്കില്ലെന്ന പരാമർശം വലിയ തോതിൽ വിമർശനങ്ങൾക്ക് വഴിവെച്ചു. പിന്നാലെ കേസിലെ ആദ്യ കോടതി വിധിയും വിവാദത്തിലായിരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീയാണെന്ന് അറിഞ്ഞുകൊണ്ട് ചൂഷണം ചെയ്യുന്ന രീതിയിലുള്ള കുറ്റകൃത്യം പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും പ്രതി ജാതി മത വിവേചനങ്ങൾ ഉള്ള ആളല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന് തെളിവായി സിവിക് ചന്ദ്രന്റെ ജാതി രേഖപ്പെടുത്താത്ത എസ്എസ്എൽസി ബുക്കും കോടതിയിൽ ഹാജരാക്കിയിരുന്നു.