CrimeNEWS

അനധികൃതമായി പിരിച്ചുവിട്ട ജീവനക്കാരന് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ വിധി

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്‍തിരുന്ന കമ്പനിയില്‍ നിന്ന് അന്യായമായി പിരിച്ചുവിടപ്പെട്ടതിനെതിരെ തൊഴിലാളി സമര്‍പ്പിച്ച പരാതിയില്‍ ലേബര്‍ കോടതിയില്‍ നിന്ന് അനുകൂല വിധി. പരാതിക്കാരന് കിട്ടാനുള്ള ശമ്പളവും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെന്ന് റിയാദ് ലേബര്‍ കോടതി ഉത്തരവിട്ടു. കോടതിയില്‍ നടന്ന വിചാരണ നടപടികളിലൊന്നും കമ്പനി പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല.

വിധി അന്തിമമാണെന്നും ഇതിനെതിരെ ഇനി കമ്പനിക്ക് അപ്പീല്‍ നല്‍കാന്‍ സാധിക്കില്ലെന്നും കോടതി വിധിച്ചിട്ടുണ്ട്. ജോലി ചെയ്‍തിരുന്ന സ്ഥാപനത്തിന്റെ ഒരു ശാഖ അടച്ചുപൂട്ടി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരനെ പിരിച്ചുവിട്ടത്. എന്നാല്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചു. ശമ്പളം കുടിശികയുണ്ടായിരുന്നെന്നും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നും ഇയാള്‍ പരാതിയില്‍ ആരോപിച്ചു.

Signature-ad

പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ട് കമ്പനിയുടെ എച്ച്.ആര്‍ വിഭാഗം നല്‍കിയ കത്താണ് തെളിവായി കോടതിയില്‍ ഹാജരാക്കിയത്. അന്യായമായി പിരിച്ചുവിട്ടതിന് നിയമപ്രകാരമുള്ള നഷ്‍ടപരിഹാരമായ രണ്ട് മാസത്തെ ശമ്പളം ഉള്‍പ്പെടെ ആവശ്യപ്പെട്ടായിരുന്നു പരാതി.

പരാതിയിന്മേല്‍ കോടതി കമ്പനിയോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി നല്‍കിയില്ല. പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ അറിയിപ്പ് നല്‍കിയിട്ടും പരിഗണിച്ചില്ല. കമ്പനിയില്‍ നിന്ന് പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെ, പരാതിക്കാരനോട് താന്‍ ആവശ്യപ്പെടുന്നതെല്ലാം സത്യമാണെന്ന് കാണിച്ച് ശരീഅത്ത് നിയമപ്രകാരമുള്ള സത്യവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.

ഇത് ലഭിച്ചതോടെ ഇയാള്‍ക്ക് അനുകൂലമായി വിധി പ്രസ്‍താവിക്കുകയായിരുന്നു.  കിട്ടാനുണ്ടായിരുന്ന ശമ്പളം, നിയമപ്രകാരമുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവയും അനധികൃതമായി പിരിച്ചുവിട്ടതിന് പകരമായി രണ്ട് മാസത്തെ ശമ്പളവും നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇതിന് പുറമെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും നല്‍കണം. അതിന് പണം വാങ്ങാന്‍ പാടില്ലെന്നും പരാതിക്കാരനെ ദോഷകരമായി ബാധിക്കുന്ന പരാമര്‍ശങ്ങളൊന്നും സര്‍ട്ടിഫിക്കറ്റില്‍ പാടില്ലെന്നും കോടതി വിധിച്ചു.

Back to top button
error: